പുനര്‍ഗേഹം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി തീരമേഖലയില്‍ കുടിയൊഴിപ്പിക്കലോ ഭൂമി ഏറ്റെടുക്കലോ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പുനര്‍ഗേഹം പദ്ധതിയില്‍ 308 വീടുകളുടെയും 303 ഫ്ളാറ്റുകളുടെയും ഗൃഹപ്രവേശനവും താക്കോല്‍ നല്‍കലും ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീരത്ത് വേലിയേറ്റ മേഖലയില്‍ 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന 7716 പേര് മാറിത്താമസിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കൂടുതല്‍ പേര് പദ്ധതിയുമായി സഹകരിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. നിലവില്‍ താമസിക്കുന്ന മേഖലയോടുള്ള ആത്മബന്ധം സര്‍ക്കാര്‍ തിരിച്ചറിയുന്നുണ്ട്. നിരന്തര പ്രകൃതിക്ഷോഭത്തില്‍ നിന്ന് തീരദേശവാസികളെ ശാശ്വതമായി രക്ഷിക്കാനുള്ള പദ്ധതിയായാണ് പുനര്‍ഗേഹം സര്‍ക്കാര്‍ ആവിഷ്ക്കരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കടലാക്രമണം രൂക്ഷമായ സ്ഥലങ്ങളില്‍ ജൈവവേലികള്‍ നിര്‍മിച്ച് ബഫര്‍ സോണാക്കി മാറ്റി തീരസംരക്ഷണം ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
