പുതിയ കായികനയം അടുത്ത വര്‍ഷം ജനുവരിയില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തിരുവനന്തപുരം, കണ്ണൂര്‍, എറണാകുളം ജില്ലകളിലെ ഫുട്ബാള്‍ അക്കാഡമികള്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ പഞ്ചായത്തുകളിലും കളിക്കളം എന്ന പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നു. ഇതിനായി തദ്ദേശസ്വയംഭരണ വകുപ്പ് സര്‍വേ തുടങ്ങി.
സംസ്ഥാനത്ത് 40 മൈതാനങ്ങള്‍ നിലവില്‍ വരികയാണ്. കൂടുതല്‍ ഫുട്ബാള്‍ മത്സരങ്ങള്‍ കേരളത്തില്‍ നടത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഫുട്ബാളില്‍ കേരളത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ക്രിയാത്മക നടപടികള്‍ സ്വീകരിച്ചു വരിയാണ്. സ്വകാര്യ ഫുട്ബാള്‍ അക്കാഡമികളെയും ടര്‍ഫുകളെയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ ലാഭക്കൊതി മൂത്ത് കളിക്കാരെയും കളിയെയും മറക്കുന്ന സ്ഥിതി അനുവദിക്കാനാവില്ല. മികച്ച പരിപാലനവും പ്രോത്സാഹനവും നല്കിയാല് മികച്ച ഫുട്ബാള്‍ താരങ്ങളെ വളര്‍ത്തിയെടുക്കാനാവും.