കൊട്ടാരക്കര – മൈലം വില്ലേജിൽ ഇഞ്ചക്കാട്, കാരമൂട്, പാലവിള വീട്ടിൽ രാജൻ മകൻ റെബിൻ തോമസ്സിനെ (29) ആണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. വെട്ടിക്കവല സ്വദേശിയായ ഷിബു എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊട്ടാരക്കര പോലീസ് കേസെടുത്തത്. ഷിബുവിന്റെ ഉടമസ്ഥതയിലുള്ള KL-09 V 5037-ാം നമ്പർ മാരുതി ഒമിനി ആംബുലൻസ് വാഹനം വർഷങ്ങൾക്കു മുൻപ് കർണാടകയിൽ കൊണ്ടുപോയി വിൽപ്പന നടത്തിയിട്ടുള്ളതാണ്. ഈ വാഹനത്തിന്റെ റെക്കോർഡുകൾ വ്യാജമായി ഉണ്ടാക്കി അതേ കമ്പനിയുടെ മറ്റൊരു വാഹനത്തിൽ വ്യാജമായി രജിസ്ട്രേഷൻ നമ്പർ ഉൾപ്പെടെ ഉപയോഗിച്ച് പ്രതിയായ റോബിൻ മൂന്നു വർഷത്തോളമായി ആംബുലൻസ് സർവീസ് നടത്തിവരികയായിരുന്നു. തന്റെ പഴയ വണ്ടിയുടെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് മറ്റൊരു വണ്ടി സർവീസ് നടത്തുന്ന കാര്യം ശ്രദ്ധയിൽ പെട്ട ഷിബു കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു. ഷിബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടാരക്കര ഐ എസ് എച്ച് ഓ ജോസഫ് ലിയോണിനെ നേതൃത്വത്തിൽ എസ് ഐ സുദർശനൻ സി.പി.ഒ മാരായ ഷിബു കൃഷ്ണൻ, ജിബ്സൺ ജെയിംസ്, ബിനീഷ് കുമാർ, സലിൽ എന്നിവരടങ്ങിയ പോലീസ് സംഘത്തിന്റെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പോലീസ് നടത്തിയ വാഹന പരിശോധനയിൽ പോലീസ് പിടിച്ചെടുത്ത വാഹനത്തിന്റെ എഞ്ചിൻ നമ്പരുൾപ്പെടെ കൃത്രിമമായി തിരുത്തിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുന്നതായി ഐ. എസ്. എച്ച്. ഒ. ജോസഫ് ലിയോൺ അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
