കോഴിക്കോട്, തിരുവനന്തപുരം ∙ നിപ്പ സമ്പർക്കപ്പട്ടികയിലുള്ള 22 പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇന്നലെ രാവിലെ 15 പേരുടെയും വൈകിട്ട് 7 പേരുടെയും ഫലമാണു വന്നത്. കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു പരിശോധന. ഇതോടെ, ഹൈ റിസ്ക് സമ്പർക്കത്തിലുണ്ടായിരുന്ന 68 പേർക്കും നിപ്പയില്ലെന്നു സ്ഥിരീകരിച്ചു. സമ്പർക്കപ്പട്ടികയിലുള്ള കൂടുതൽ പേരുടെ സാംപിളുകൾ ഇന്നു പരിശോധനയ്ക്ക് അയയ്ക്കും.
ഇപ്പോൾ 274 പേരാണു സമ്പർക്കപ്പട്ടികയിലുള്ളത്. അതിൽ 149 പേർ ആരോഗ്യ പ്രവർത്തകരാണ്. മറ്റ് ജില്ലകളിലുള്ളവർ 47 പേർ. സമ്പർക്കപ്പട്ടികയിലുള്ള 7 പേർക്കാണു രോഗലക്ഷണമുള്ളത്. അതിൽ ആരുടെയും ലക്ഷണങ്ങൾ തീവ്രമല്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.