തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം 57 വയസാക്കി ഉയര്‍ത്തണമെന്ന് ശുപാര്‍ശ. സര്‍വീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്ഷന് നല്‍കണമെന്നും നിര്‍ദേശിച്ച് 11-ാം ശമ്ബള പരിഷ്കരണ കമ്മിഷന് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് കൈമാറി. ഒബിസി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് മാറ്റി സംവരണത്തിന്റെ 20 ശതമാനം പ്രസ്തുത വിഭാഗത്തില്‍ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിവസം അഞ്ചാക്കി കുറയ്ക്കണം എന്നതാണ് മറ്റൊരു പ്രധാന ശുപാര്‍ശ. ഒരു പ്രവൃത്തി ദിവസം നഷ്ടപ്പെടുന്നതിന് പരിഹാരമായി ജോലി സമയം വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദേശം. പ്രവൃത്തി സമയം രാവിലെ 9.30 മുതല്‍ 5.30 വരെയാക്കി ദീര്‍ഘിപ്പിക്കണം. വര്‍ഷത്തിലെ അവധി ദിവസങ്ങള്‍ 12 ആക്കി ചുരുക്കാനും നിര്‍ദേശമുണ്ട്.
ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ആഘോഷങ്ങള്‍ക്ക് മാത്രമെ പ്രാദേശിക അവധി നല്കാവു. ആര്‍ജിതാവധി വര്‍ഷം 30 ആക്കി ചുരുക്കണം. വര്‍ക്ക് ഫ്രം ഹോമിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ വകുപ്പിലും വീട്ടിലിരുന്നു ചെയ്യാവുന്ന ജോലികള്‍ കണ്ടെത്തുകയും ഉദ്യോഗസ്ഥര്‍ക്ക് മാറി മാറി അവസരങ്ങള്‍ നല്‍കുകയും ചെയ്യണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.