കർഷകരെ തഴഞ്ഞ് സമൂഹത്തിന് മുന്നോട്ട് പോകാനാകില്ലെന്ന് സഹകരണം, രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ. സഹകരണ മേഖല കാർഷിക രംഗത്തെ വികസനത്തിനായി ഒരുമിച്ചുനിന്നു പ്രവർത്തിക്കുകയാണെന്നും വ്യവസായ പുരോഗതിയിൽ കർഷകന്റെ പങ്ക് നിർണായകമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ മികച്ച കർഷകർക്കുള്ള പുരസ്കാരങ്ങൾ സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക മേഖലയിൽ കൃഷിക്കാരുടെ അത്താണിയാണ് സഹകരണ ബാങ്കുകൾ. ദേശസാൽകൃത – ഷെഡ്യൂൾഡ് ബാങ്കുകളുടെ ലയനത്തോടെ രാജ്യത്താകെ 2218 ശാഖകളാണ് അടച്ചുപൂട്ടിയത്. എബിടി – എസ്ബിഐ ലയനം കഴിഞ്ഞപ്പോൾ കേരളത്തിലെ 117 ശാഖകളും നിരവധി അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളും അടച്ചുപൂട്ടി. കാർഷിക മേഖലയിലും കുടിൽ വ്യവസായ രംഗത്തും വായ്പകൾ നൽകി സഹായിക്കാനായി നടത്തിയ ബാങ്ക് ദേശസാൽകരണം ഇതോടെ ഇല്ലാതായി.
ഈ ഘട്ടത്തിൽ കർഷകർക്കും സാധാരണക്കാർക്കും താങ്ങായി സമാന്തര സാമ്പത്തിക സങ്കേതങ്ങളായി നിൽക്കാൻ സഹകരണ സംഘങ്ങൾക്ക് കഴിഞ്ഞു. പ്രളയവും കോവിഡും പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ മൊറട്ടോറിയം അടക്കമുള്ള സഹായ പദ്ധതികൾ സഹകരണ മേഖല നടപ്പാക്കി. പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർ 2600 വീടുകൾ നൽകാനാണ് തീരുമാനിച്ചിരുന്നത്. ഇതിൽ 2006 വീടുകൾ പൂർത്തിയായി കഴിഞ്ഞു. പൊതുജനങ്ങളുടെ ഏതൊരു അവസ്ഥയിലും കൈത്താങ്ങായി നിൽക്കാൻ സഹകരണ മേഖലയ്ക്കു കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.