സംസ്ഥാനത്ത് കോവിഡ് 19 സിറോ പ്രിവിലൻസ് പഠനം നടത്തുന്നതിന് അനുമതി നൽകി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. വാക്സിനേഷനിലൂടെയും രോഗം വന്നവരിലും എത്രപേർക്ക് കോവിഡ് 19 രോഗപ്രതിരോധ ശേഷി കൈവരിക്കാൻ കഴിഞ്ഞു എന്നത് കണ്ടെത്തുന്നതിന് വേണ്ടിയാണ് സിറോ സർവയലൻസ് പഠനം നടത്തുന്നത്. മാത്രമല്ല ഇനിയെത്ര പേർക്ക് രോഗം വരാൻ സാധ്യതയുണ്ടെന്ന് മനസിലാക്കാനും സാധിക്കുന്നു. ഇതിലൂടെ കോവിഡ് പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും രോഗം വരാനുള്ളവരെ കൂടുതൽ സുരക്ഷിതരാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ദേശീയ തലത്തിൽ നാല് പ്രാവശ്യം സിറോ സർവയലൻസ് പഠനം നടത്തിയിരുന്നു. അപ്പോഴെല്ലാം രാജ്യത്തെ ഏറ്റവും മികച്ച സ്കോറിലായിരുന്നു കേരളം. അവസാനമായി ഐ.സി.എം.ആർ. നടത്തിയ സിറോ സർവയലൻസ് പഠനത്തിൽ കേരളത്തിൽ 42.07 ശതമാനം പേർക്കാണ് ആർജിത പ്രതിരോധ ശേഷി കണ്ടെത്താൻ സാധിച്ചത്. ഈ പഠനത്തിലൂടെ സംസ്ഥാനങ്ങളുടെ ജനസംഖ്യയിൽ രോഗം വന്ന ആളുകളുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന് വിലയിരുത്തി. കേരളത്തിന്റെ മികച്ച പ്രതിരോധമാണ് ഇത് കാണിച്ചത്. അതിനുശേഷം വാക്സിനേഷനിൽ സംസ്ഥാനം മികച്ച മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. അതിനാൽ തന്നെ സംസ്ഥാനം നടത്തുന്ന സിറോ പ്രിവിലൻസ് പഠനത്തിന് ഏറെ പ്രധാന്യമുണ്ട്.