കൊട്ടാരക്കര : പുലമൺ ജംഗ്ഷനിൽ ഒരു ജ്വല്ലറിയിൽ നിന്നും ഉടമയെ കബളിപ്പിച്ച് ആഭരണം കവർന്ന കേസിൽ നെടുമങ്ങാട്, പാങ്ങോട്, പട്ടണം എന്ന സ്ഥലത്ത് സബൂറ മൻസ്സിലിൽ മുഹമ്മദ് ഇസ്മയിൽ മകൻ സുലൈമാനെ (47) ആണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. 19.08.2021-ാം തീയതി കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഒരു ജ്യുവലറിയിൽ കയറി രണ്ട് സ്വർണമോതിരം ആവശ്യപ്പെടുകയും ജ്വല്ലറി ഉടമ മോതിരം തിരഞ്ഞു കൊടുക്കുന്നതിനിടയിൽ ഉടമയുടെ ശ്രദ്ധ തിരിച്ച് അവിടെനിന്നും 15,000 രൂപയോളം വിലവരുന്ന ഒരു സ്വർണമോതിരം മോഷ്ടിച്ചെടുത്ത് പകരം പ്രതി കയ്യിൽ കരുതിയിരുന്ന ഗോൾഡ് കവറിങ് ഉള്ള ചെമ്പു മോതിരം കടയിൽ തിരികെ കൊടുത്തിട്ട് മോതിരം ഇപ്പോൾ വേണ്ടന്ന വ്യാജേന കടയിൽ നിന്നും പോവുകയും ചെയ്തു. പിന്നീടാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം ഉടമ തിരിച്ചറിഞ്ഞത്. തുടർന്ന് പ്രതി ഇന്നലെ (25.08.2021-ാം തീയതി) വീണ്ടും ആഭരണം വാങ്ങാനെന്ന വ്യാജേന കടയിൽ എത്തുകയും ഈ സമയം കടയുടമ ആളിനെ തിരിച്ചറിഞ്ഞ് തടഞ്ഞുനിർത്തി വിവരം പോലീസിനെ അറിയിച്ചു. ഉടൻതന്നെ സ്ഥലത്തെത്തിയ കൊട്ടാരക്കര പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
