തിരുവനന്തപുരം : കൊല്ലം അഞ്ചല്‍ സ്വദേശിനി ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വഴിത്തിരിവായത് അത്യപൂര്‍വ ഡമ്മി പരീക്ഷണം. ഉത്രയെ മൂര്‍ഖന്‍പാമ്പ് അടുത്തടുത്തായി രണ്ടുതവണ കടിച്ച മുറിപ്പാടുകള്‍ തമ്മിലുള്ള വ്യത്യാസമാണു ഡമ്മി പരീക്ഷണത്തിലൂടെ തെളിയിച്ചത്. കൊല്ലം അരിപ്പയിലെ വനംവകുപ്പിന്റെ സംസ്ഥാന പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു കൊല്ലം മുന്‍ റൂറല്‍ എസ്.പി: എസ്. ഹരിശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ ഡമ്മി പരീക്ഷണം.
സ്വാഭാവികമായി പാമ്പുകടിയേറ്റാലുണ്ടാകുന്ന മുറിവുകളല്ല ഉത്രയുടെ ശരീരത്തില്‍ക്കണ്ടത്. പാമ്പിന്റെ തലയില്‍ പിടിച്ച് കടിപ്പിക്കുമ്പോള്‍ മുറിവിന്റെ ആഴം വര്‍ധിക്കും. ഉത്രയുടെ ശരീരഭാരത്തിലുള്ള ഡമ്മി കട്ടിലില്‍ കിടത്തിയശേഷം മൂര്‍ഖനെക്കൊണ്ട് കടിപ്പിക്കുകയായിരുന്നു. ഡമ്മിയുടെ വലതുകൈയില്‍ കോഴിയിറച്ചി കെട്ടിവച്ച്, അതില്‍ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് മുറിവിന്റെ ആഴം കണ്ടെത്തി. പാമ്പിന്റെ പത്തിയില്‍ പിടിച്ച് കടിപ്പിച്ചപ്പോള്‍ പല്ലുകള്‍ അകലുന്നതും വ്യക്തമായി.
ഉത്രയുടെ ശരീരത്തില്‍ 2.3 സെന്റിമീറ്റര്‍, 2.8 സെ.മീ. ആഴത്തിലുള്ള മുറിവുകളാണു കണ്ടെത്തിയത്. സ്വാഭാവികമായ പാമ്പുകടിയാണെങ്കില്‍ യഥാക്രമം 1.7-1.8 സെ.മീ. മുറിവേയുണ്ടാകൂ. മൂര്‍ഖന്‍ ഒരിക്കല്‍ കടിച്ചാല്‍ ഉടന്‍ വീണ്ടും കടിക്കുകയുമില്ല. പ്രതി സൂരജിന്റെ മൊഴിയുടെയും അന്വേഷണസംഘത്തിനു ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു പരീക്ഷണം. 2020 ഒക്ടോബറിലാണ് ഉത്ര കൊല്ലപ്പെട്ടത്. പാമ്പിനെക്കൊണ്ടു കടിപ്പിച്ചുള്ള കൊലപാതകം സംസ്ഥാനത്താദ്യമായിരുന്നു. കുറ്റകൃത്യം മൂടിവയ്ക്കാനായി സര്‍പ്പകോപകഥയും ഭര്‍ത്താവ് സൂരജ് പ്രചരിപ്പിച്ചു.
വാര്‍ത്ത : അനീഷ് ചുനക്കര