കരുനാഗപ്പള്ളിയിലെ തൊടിയൂര്‍ ശ്രീബുദ്ധ സെന്‍ട്രല്‍ സ്കൂളില്‍ സ്ഥാപിച്ച 50 കിലോവാട്ടിന്റെ പുരപ്പുറ സൗരോര്ജനിലയത്തിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. സി.ആര്. മഹേഷ് എം.എല്‍. എ സൗരനിലയം സ്വിച്ച് ഓണ്‍ ചെയ്തു.
ഇരുപത്തി ഒന്നര ലക്ഷം രൂപ പദ്ധതി ചെലവില്‍ പൂര്‍ണ്ണമായും കെ.എസ്.ഇ.ബിയുടെ മുതല്‍ മുടക്കില്‍ സ്ഥാപിച്ച നിലയത്തില്‍ നിന്നും പ്രതിവര്‍ഷം 60000 യൂണിറ്റ് വൈദുതി ലഭിക്കും. ഇതിന്റെ 10 ശതമാനം വൈദ്യുതി സ്കൂളിന് സൗജന്യമായി നല്‍കുന്നതാണ്. കെ.എസ്.ഇ.ബിയുടെ സൗര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആദ്യ ഹൈ കപ്പാസിറ്റി പ്ലാന്റ് ആണിത്.
തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രന്, കെ.എസ്.ഇ.ബി ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ബി.പ്രദീപ്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ എന്‍.നാഗരാജന്, ജെ. മധുലാല്‍, ശ്രീബുദ്ധ ട്രസ്റ്റ് സെക്രട്ടറി യതീഷ്, പ്രിന്‍സിപ്പാള്‍ ഷൈന തുടങ്ങിയവര്‍ സംസാരിച്ചു