സംസ്ഥാനത്ത് കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ പരമാവധി പേർക്ക് വാക്സിൻ നൽകി സുരക്ഷിതമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. സെപ്റ്റംബർ അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകുകയാണ് ലക്ഷ്യം.
അതിനായി ജില്ലകളിൽ പ്ലാൻ തയ്യാറാക്കി വാക്സിനേഷൻ യജ്ഞം ശക്തിപ്പെടുത്താനും നിർദ്ദേശിച്ചു.സിറിഞ്ചുകളുടെ ക്ഷാമം പരിഹരിച്ചുവരുന്നു. 1.11 കോടി ഡോസ് വാക്സിൻ സംസ്ഥാനത്തിന് നൽകാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണം വർധിച്ചാൽ നേരിടാനുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് കൂടിയ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗത്തിലാണ് മന്ത്രി ഇത് വ്യക്തമാക്കിയത്.ഒന്നേമുക്കാൽ വർഷമായി കോവിഡ് പ്രതിരോധത്തിനായി സമർപ്പിതമായ സേവനം നടത്തുന്ന ആരോഗ്യ പ്രവർത്തകരെ മന്ത്രി അഭിനന്ദിച്ചു.
ഓണം കഴിഞ്ഞതോടെ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. ഏതു സാഹചര്യം നേരിടാനും ആശുപത്രികൾ സജ്ജമാക്കണം. മരണ നിരക്ക് പരമാവധി കുറയ്ക്കാൻ ശ്രദ്ധിക്കണം. ഹോം ഐസൊലേഷനിലുള്ളവർ കൃത്യമായി മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. ഹോം ഐസൊലേഷനിലുള്ള ഗുരുതര രോഗമുള്ളവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും വേണം.കോവിഡ് പരിശോധന പരമാവധി വർധിപ്പിക്കാൻ മന്ത്രി നിർദേശം നൽകി.