കൊല്ലം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ജീവിതം വഴിമുട്ടി അതിജീവനത്തിന് ശേഷിയില്ലാതെ ജീവനൊടുക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിക്കുന്നു. രണ്ടാംഘട്ട ലോക്ഡൗണ്‍ തുടങ്ങിയശേഷം സംസ്ഥാനത്ത് 18 പേരാണ് ജീവനൊടുക്കിയത്. കൊല്ലം കുണ്ടറയില്‍ കല്ലു ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ സുമേഷാണ് ഏറ്റവും ഒടുവില്‍ ജീവനൊടുക്കിയത്. സാമ്ബത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണം.
തലസ്ഥാനത്ത് നന്തന്‍കോട്ട് സ്വര്ണപ്പണിക്കാരന് മനോജ്, ഭാര്യ രഞ്ജു, മകള്‍ അമൃത എന്നിവരാണ് 18 പേരില്‍ ആദ്യം ജീവനൊടുക്കിയവര്‍. ഇടുക്കിയിലെ പാമ്ബാടുംപാറ ഏലം കര്ഷകന് സന്തോഷ്, തിരുവനന്തപുരം ഗൗരീശപട്ടം ലൈറ്റ് ആന്‍ഡ് സൗണ്ട്സ് ഉടമ നിര്‍മല്‍ ചന്ദ്രന്, ആലപ്പുഴ മാന്നാര്‍ വിഷ്ണു പ്രസാദ്, ലൈറ്റ് ആന്‍ഡ് സൗണ്ട്സ് ഉടമ പാലക്കാട് വെണ്ണക്കരയിലെ പൊന്നുമണി, ഇടുക്കി അടിമാലി ഇരുമ്ബുപാലത്ത് ബേക്കറിയുടമ വിനോദ്, തൃശ്ശൂരില്‍ ഡ്രൈവര്‍ ശരത്, അച്ഛന് ദാമോദരന്‍, വയനാട് അമ്ബലവയലില് ബസ്സുടമ പി.സി. രാജാമണി, തിരുവനന്തപുരം തച്ചോട്ടുകാവിലെ സ്റ്റേഷനറിക്കടയുടമ എസ്. വിജയകുമാര്‍, പാലക്കാട് പല്ലശന ചെറുകിട കര്ഷകന് കണ്ണന്‍കുട്ടി, കൊല്ലം കൊട്ടിയത്ത് മോഹനന് പിള്ള, തിരുവനന്തപുരം വിളപ്പില്‍ശാല ക്ഷീരകര്ഷകന് ശ്രീകാന്ത്, കോട്ടയം കല്ലറ ടൂറിസ്റ്റ് ബസ്സുടമ വി. മോഹനന്, വടകരയില്‍ ചായക്കടയുടമ മേപ്പയില്‍ തയ്യുള്ളതില്‍ കൃഷ്ണന് എന്നിവരാണ് ജീവനൊടുക്കിയ മറ്റ് 17 പേര്.
ജീവനോപാധി നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് എല്ലാവരും ജീവനൊടുക്കിയത്. ഒപ്പമുണ്ടാകുമെന്നു പറഞ്ഞ സര്‍ക്കാര്‍ ഒപ്പമില്ലാത്തതും ആശ്വാസത്തിനുപോലും ഒന്നും ചെയ്യാത്തതുമാണ് ഇത്രയേറെ പേരുടെ ജീവന് നഷ്ടപ്പെടാന്‍ കാരണമായത്. കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ അശാസ്ത്രീയ നിയന്ത്രണങ്ങള്‍ സാധാരണക്കാരായ കര്‍ഷകന്റെയും ദിവസവേതനക്കാരന്റെയും ചെറുകിട കച്ചവടക്കാരുടെയും ജീവിതം കൊടുംദുരിതത്തിലാക്കി.