അഫ്ഗാനിസ്ഥാനുമായുള്ള ഇന്ത്യയുടെ സമീപനം അഫ്ഗാന് ജനതയെ മുന്നില്‍ കണ്ടായിരിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ . അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ ഇന്ത്യ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുന്നുണ്ടെന്നും എന്നാല്‍ യുദ്ധക്കെടുതി നേരിടുന്ന രാജ്യത്ത് നിന്ന് ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനാണ് മുന്‍ഗണനയെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ന്യൂയോര്‍ക്കില്‍ സമാധാന പരിപാലനത്തെക്കുറിച്ചുള്ള യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ഇപ്പോള്‍, മറ്റെല്ലാവരെയും പോലെ ഞങ്ങളും അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള്‍ വളരെ ശ്രദ്ധയോടെ പിന്തുടരുന്നു. അഫ്ഗാനിസ്ഥാനിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിലും ഇന്ത്യന്‍ പൗരന്മാര് സുരക്ഷിതമായി മടങ്ങിവരുന്നതിലുമാണ് ഞങ്ങളുടെ ശ്രദ്ധ,’ ജയശങ്കര്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ നിക്ഷേപം അഫ്ഗാന് ജനതയുമായുള്ള ചരിത്രപരമായ ബന്ധത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അഫ്ഗാന് ജനതയുമായുള്ള ബന്ധം വ്യക്തമായി തുടരുന്നുണ്ട്. വരും ദിവസങ്ങളില്‍ അഫ്ഗാനിസ്ഥാനിലേക്കുള്ള ഞങ്ങളുടെ സമീപനത്തെയും അത് തീര്‍ച്ചയായും പരിഗണിക്കും ‘ജയശങ്കര്‍ പറഞ്ഞു
കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യ താലിബാനുമായി എന്തെങ്കിലും ആശയവിനിമയം നടത്തിയിരുന്നോ എന്ന് ചോദിച്ചപ്പോള്‍, ജയ്ശങ്കര് പറഞ്ഞു, ‘ഈ സമയത്ത്, കാബൂളിലെ സ്ഥിതി എന്താണെന്ന് ഞങ്ങള്‍ നോക്കുകയാണ്. താലിബാനും അതിന്റെ പ്രതിനിധികളും കാബൂളില്‍ എത്തിയിട്ടുണ്ടെന്ന് വ്യക്തമാണ്. അതിനാല്‍ ഞങ്ങള്‍ കൂടുതല്‍ വിലയിരുത്തേണ്ടതുണ്ട്
യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അഫ്ഗാനിസ്ഥാനിലെ സാഹചര്യത്തെക്കുറിച്ച് അടിയന്തര യോഗത്തിനായി തിങ്കളാഴ്ച ജയശങ്കര്‍ ന്യൂയോര്‍ക്കിലെത്തി. ഇന്ത്യയുടെ അദ്ധ്യക്ഷതയിലാണ് ഇപ്പോള്‍ ഐക്യരാഷ്ട്ര സഭ യോഗം ചേരുന്നത്.
ഞായറാഴ്ച, താലിബാന് തലസ്ഥാന നഗരമായ കാബൂളിന്റെ നിയന്ത്രണം ഏറ്റടുത്തു, അഫ്ഗാനിസ്ഥാനിലെ യുദ്ധം അവസാനിച്ചതായി പ്രഖ്യാപിക്കുകയും രാജ്യത്തെ അഫ്ഗാനിസ്ഥാന് ഇസ്ലാമിക് എമിറേറ്റ് എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു.