വിദേശകാര്യ മന്ത്രാലയത്തിന്റെ അഫ്ഗാന് സ്പെഷ്യല്‍ സെല്‍ മുഴുവന്‍ സമയവും പ്രവര്‍ത്തന സജ്ജമാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്.
വിദേശകാര്യ മന്ത്രാലയത്തിന്റെ അഫ്ഗാന് സ്പെഷ്യല്‍ സെല്‍ മുഴുവന്‍ സമയവും പ്രവര്‍ത്തന സജ്ജമാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്. അഫ്ഗാനിസ്ഥാനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരും മറ്റ് സഹായങ്ങള്‍ ആവശ്യമുള്ളവരും താഴെ പറയുന്ന ഫോണ്‍ നമ്പരിലോ ഇ -മെയില്‍ വിലാസത്തിലോ ബന്ധപ്പെടണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിക്കുന്നു.
ഫോണ്‍ : +91-11-49016783,
+91-11-49016784, +91-11-49016785
വാട്സ്ആപ്: +91-8010611290
E-mail : [email protected]
കാബൂളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ടിരുന്നു. അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത് പ്രകാരം നോര്‍ക്ക വകുപ്പ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്കി.
കാബൂളില്‍ കുടുങ്ങിയ 36 പേരാണ് നോര്‍ക്കയുമായി ബന്ധപ്പെട്ടത്. ഇക്കൂട്ടത്തിലുള്ള മലയാളികളെ കഴിഞ്ഞ ദിവസം നോര്‍ക്ക സി.ഇ.ഒ. ബന്ധപ്പെട്ടിരുന്നു. കൂടുതല്‍ മലയാളികള്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. വിദേശകാര്യ മന്ത്രാലയത്തെ നോര്‍ക്ക സ്ഥിതിഗതികള്‍ അറിയിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ, കാബൂളിലെ ഇന്ത്യന്‍ സ്ഥാനപതിയും നയതന്ത്രകാര്യാലയത്തിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന 120 പേരെയും കൊണ്ട് വ്യോമസേന വിമാനം ഗുജറാത്തിലെ ജാംനഗറില്‍ എത്തിയിരുന്നു. അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഞായറാഴ്ച വൈകിട്ടോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയത്. ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള യാത്രാ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതോടെ നടപടികള്‍ തടസപ്പെടുകയായിരുന്നു.
അഫ്ഗാന് ഭരണം താലിബാന് പിടിച്ചെടുത്തതോടെ, രാജ്യം വിടാന്‍ പറ്റുന്ന ഏക മാര്‍ഗം കാബൂള്‍ വിമാനത്താവളം മാത്രമാണ്. ഇതോടെ വിമാന താവളത്തിന്റെ സുരക്ഷ അമേരിക്ക ഏറ്റെടുത്തിരുന്നു. യാത്രാ വിമാനങ്ങള്‍ക്ക് വിലക്കുള്ളതിനാല്‍ സൈനിക വിമാനങ്ങളിലാണ് ഇന്ത്യ ആളുകളെ നാട്ടിലെത്തിച്ചു വരുന്നത്.