കാബൂളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്. അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത് പ്രകാരം നോര്‍ക്ക വകുപ്പ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്കി.
കാബൂളില്‍ കുടുങ്ങിയ 36 പേരാണ് നോര്‍ക്കയുമായി ബന്ധപ്പെട്ടത്. ഇക്കൂട്ടത്തിലുള്ള മലയാളികളെ കഴിഞ്ഞ ദിവസം നോര്‍ക്ക സി.ഇ.ഒ. ബന്ധപ്പെട്ടിരുന്നു. കൂടുതല്‍ മലയാളികള്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. വിദേശകാര്യ മന്ത്രാലയത്തെ നോര്‍ക്ക സ്ഥിതിഗതികള്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം, അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചുതുടങ്ങി. 120 നയതന്ത്ര ഉദ്യോഗസ്ഥരുമായുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം കാബൂളില്‍ നിന്ന് ഇന്ത്യയില്‍ എത്തി. കാബൂളിലെ ഇന്ത്യന്‍ എംബസി അടച്ചു. ശേഷിക്കുന്ന ഇന്ത്യക്കാരെയും ഇന്നുതന്നെ നാട്ടിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാബൂള്‍ വിമാനത്താവളത്തിലേക്കും പുറത്തേക്കുമുള്ള സാധാരണ സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ പ്രത്യേക വ്യോമസേന വിമാനങ്ങളിലായിരിക്കും ശേഷിക്കുന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ കൊണ്ടുവരുന്നത്. ഇന്നലെ എയര്‍ ഇന്ത്യാ വിമാനം കാബൂളിലേക്ക് അയയ്ക്കാനിരുന്നെങ്കിലും അഫ്ഗാന് വ്യോമാതിര്‍ത്തി അടച്ചതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.