ബെയ്ജിങ് : താലിബാൻ സേന കാബൂളിൽ പിടി മുറുക്കി എന്ന തരത്തിലുള്ള വാർത്തകൾ വന്നുകൊണ്ടിരിക്കെ, തങ്ങൾ താലിബാനുമായി സൗഹൃദപരവും സഹകരണത്തിൽ ഊന്നിയതുമായ ബന്ധത്തിന് തയ്യാറാണ് എന്ന മട്ടിലുള്ള ഒരു പ്രസ്താവന ചൈനീസ് ഗവണ്മെന്റിന്റെ വിദേശവക്താക്കളിൽ ഒരാളിൽ നിന്ന് വന്നിരിക്കുകയാണ്. താലിബാനുമായുള്ള തങ്ങളുടെ ഭാവി നയതന്ത്ര ബന്ധം അവരുടെ നിലപാടുകൾക്ക് അനുസരിച്ചിരിക്കും എന്നാണ് റഷ്യൻ ഗവണ്മെന്റ് അറിയിച്ചിട്ടുള്ളത്.
അഫ്ഗാനിസ്ഥാനുമായി 76 കിലോമീറ്റർ നീളത്തിലുള്ള ഒരു അതിർത്തി പങ്കിടുന്നുണ്ട് ചൈന. അമേരിക്കൻ സൈന്യം പിന്മാറ്റം അറിയിച്ച നിമിഷം തൊട്ടു തന്നെ താലിബാന് ഒളിഞ്ഞും മറഞ്ഞും പിന്തുണ നൽകുന്ന രീതിയിൽ തന്നെയാണ് ചൈന പ്രവർത്തിച്ചു പോന്നിട്ടുള്ളത്. അതിനുള്ള പ്രധാന കാരണം അഫ്ഗാനിസ്ഥാനിൽ നിലവിൽ ചൈനയ്ക്കുള്ള കോടിക്കണക്കിനു ഡോളറിന്റെ നിക്ഷേപങ്ങൾ തന്നെയാണ്.അഫ്ഗാനിസ്ഥാന്റെ കാര്യത്തിൽ എന്നും ഇന്ത്യയുമായി ഒരു മത്സര ബുദ്ധിയോടെയാണ് ചൈന നിന്നിട്ടുള്ളത്. ഇരു രാജ്യങ്ങൾക്കും അഫ്ഗാനിസ്ഥാനിൽ നിക്ഷേപങ്ങൾ ഉണ്ടെന്നതുകൊണ്ട് അവിടെ അധികാരം ഏറ്റെടുക്കുന്നവരെ മുഷിപ്പിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇന്ത്യ ഇക്കാര്യത്തിൽ ഒരു തീരുമാനം അറിയിക്കും മുമ്പ് ചൈനയുടെ ഭാഗത്തുനിന്ന് തിരക്കിട്ട് ഇങ്ങനെയൊരു അംഗീകാരം താലിബാനെ തേടി എത്തിയതും ഈ നിക്ഷേപങ്ങളുടെ ബലത്തിൽ തന്നെയാവണം.
