ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ അണിയിക്കുന്ന തിരുവാഭരണങ്ങളില് ഉള്‍പ്പെട്ട മാലയിലെ ഒന്‍പതു മുത്തുകളാണ് കാണാതായത്. ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ രുദ്രാക്ഷ മാലയിലെ സ്വര്‍ണ്ണ മുത്തുകള്‍ കാണാനില്ലെന്ന് പരാതി. ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ അണിയിക്കുന്ന തിരുവാഭരണങ്ങളില് ഉള്‍പ്പെട്ട മാലയിലെ ഒന്‍പതു മുത്തുകളാണ് കാണാതായത്. പുതിയ മേല്‍ശാന്തി സ്ഥാനമേറ്റതിന് ശേഷം നടത്തിയ പരിശോധനയിലാണ് സംഭവം പുറത്ത് അറിഞ്ഞത്. വിഗ്രഹത്തില്‍ സ്ഥിരമായി ചാര്‍ത്തുന്നതാണ് ഈ രുദ്രാക്ഷ മാല. വലിയ രുദ്രാക്ഷ മണികളില്‍ സ്വര്‍ണം കെട്ടിച്ച മാല രണ്ട് മടക്കുകളാക്കിയാണ് ചാര്‍ത്തിയിരുന്നത്. 23 ഗ്രാം സ്വര്‍ണ്ണമാണ് മാലയില്‍ ഉണ്ടായിരുന്നത്. 81 മുത്തുകളും മാലയിലുണ്ട്. ഏഴു ഗ്രാം സ്വര്‍ണ്ണമാണ് കാണാതായിരിക്കുന്നത്. ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി പത്മനാഭന് സന്തോഷ് കഴിഞ്ഞ മാസമാണ് ചുമതലയേറ്റത്. തുടര്‍ന്നാണ് തിരുവാഭരണങ്ങളുടെയും പൂജാസാമഗ്രികളുടെയും കണക്കെടുത്തത്. ദേവസ്വം അസിസ്റ്റന്‍ഡ് കമ്മിഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ രുദ്രാക്ഷമാലയില്‍ നിന്ന് സ്വര്‍ണം നഷ്ടമായതായി വ്യക്തമായി. ഇതു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
