കൊട്ടാരക്കര : ഓയൂരില്‍ സര്‍ജ്ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് മകന്റെ കഴുത്തറുക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. സംഭവത്തില്‍ ഇളമാട് ചെറുവക്കല്‍ ഇളവൂര്‍ മുടിയന്നൂര് പള്ളിക്ക് സമീപം ബിജുഭവനില്‍ ബിജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പത്താം ക്ലാസ് വിദ്യാര്‍ഥിയായ മകനെയാണ് ഇയാള്‍ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചത്.
രാവിലെ ഉറക്കമുണര്‍ന്ന് മുറിയില്‍ കസേരയില്‍ ഇരിക്കുന്ന മകനെ, പിറകിലൂടെ എത്തി തോളില്‍ പിടിച്ച് സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് കഴുത്തിന് വീശുകയായിരുന്നു. ഒഴിഞ്ഞ് മാറിയതിനാല്‍ മുറിവ് മാരകമായില്ല. തുടര്‍ന്ന് ഇയാള്‍ വീട്ടിലുള്ള മറ്റ് അംഗങ്ങളോടും അക്രമസ്വഭാവം കാട്ടുകയും അസഭ്യം പറയുകയും ചെയ്തു. പരിക്കേറ്റ കുട്ടിയെ അയല്‍വാസികള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കേസില്‍ പ്രതിയായ ബിജു സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുകയും ബഹളമുണ്ടാക്കുകയും പതിവായിരുന്നു. ഇയാള്‍ കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ അനുവദിക്കാറില്ലെന്നും പൂയപ്പള്ളി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.