പ്രതികളുടെ വിടുതല്‍ ഹര്‍ജിക്കെതിരെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തടസ ഹര്‍ജി നല്‍കിയേക്കുമെന്നും സൂചനയുണ്ട്. നിയമസഭ കൈയ്യാങ്കളി കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അടക്കമുളള പ്രതികളുടെ വിടുതല്‍ ഹര്‍ജിക്കെതിരെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തടസ ഹര്‍ജി നല്‍കിയേക്കുമെന്നും സൂചനയുണ്ട്.
മന്ത്രി വി ശിവന്‍കുട്ടിയെക്കൂടാതെ ഇ പി ജയരാജന്, കെ ടി ജലീല്‍, കെ അജിത്ത്, സി കെ സദാശിവന്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 6 പേരും കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി നിര്‍ദേശമുള്ളതിനാല്‍ ഹര്‍ജി അപ്രസക്തമാകും. കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ ഉടന്‍ നിയമിക്കുമെന്നാണ് സൂചന.
കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി കഴിഞ്ഞ ആഴ്ചയാണ് തള്ളിയത്. നിയമസഭാംഗം എന്ന പരിരക്ഷ ക്രിമിനല്‍ കുറ്റം ചെയ്യാനുളള മറയല്ലെന്ന് വ്യക്തമാക്കിയായിരുന്നു കോടതിയുടെ തീരുമാനം. ഇത്തരം നടപടികള്‍ക്കെതിരേ ശക്തമായ സന്ദേശം നല്‍കിയേ തീരുവെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
നിയമസഭാ സെക്രട്ടറിയുടെ പരാതിയില്‍ മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ച് ലക്ഷം രൂപയിലധികം നഷ്ടം നേരിട്ടതായി പറഞ്ഞിരുന്നു. പ്രതികള്‍ക്കെതിരേ പൊതുമുതല്‍ നശീകരണ നിരോധന നിയമവും ഇന്ത്യന്‍ ശിക്ഷാ നിയമവും അനുസരിച്ചുളള വകുപ്പുകളാണ് ചുമത്തിയിട്ടുളളത്. സുപ്രീംകോടതി വിധിക്ക് ശേഷം മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. 2015 മാര്‍ച്ച് 13ന് ബാര്‍ കോഴ വിവാദത്തിനിടെ അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താനുളള ശ്രമമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. സ്പീക്കറുടെ കസേര ഉള്‍പ്പെടെ എടുത്തെറിയുന്ന നേതാക്കളുടെ പ്രവര്‍ത്തിക്കെതിരേ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.