ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായുള്ള ബന്ധത്തിന്റെ പേരില്‍ ബുധനാഴ്ച അറസ്റ്റിലായവര്‍ കേരളത്തില്‍ നിന്നടക്കം യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ. ഐ എസ് ആശയങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കൂടുതല്‍ യുവാക്കളെ ഭീകരവാദ പ്രവര്‍ത്തനങ്ങളിലേക്ക് തിരിക്കാനാണ് അറസ്റ്റിലായവര്‍ ലക്ഷ്യമിട്ടത്. കേരളത്തിന് പുറമെ കര്‍ണാടക, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഉള്ളവരേയും റിക്രൂട്ട് ചെയ്യാന്‍ സംഘം പദ്ധതി ഇട്ടിരുന്നു.
ഭീകര്‍ കേരളത്തിലേക്ക് ആയുധങ്ങള്‍ ഒഴുക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊരട്ടിയിലും കോഴിക്കോടും കണ്ടെത്തിയ വ്യാജ ടെലഫോണ്‍ എക്സ്ചേഞ്ചുകളില്‍ പാക് ചാര സംഘടനയുടെ ബന്ധവും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതാണ്. ഇതിന് പിന്നാലെയാണ് കേരളം ഐഎസ് റിക്രൂട്ട്മെന്റ് കേന്ദ്രമാണെന്നതിന് വീണ്ടും തെളിവുകളോരോന്നായി പുറത്ത് വരുന്നത്.
കശ്മീര്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് അറസ്റ്റിലായ നാല് പേരും കഴിഞ്ഞ മാസങ്ങളില്‍ കേരളത്തിലടക്കം പല തവണ എത്തിയതായാണ് ലഭിക്കുന്ന വിവരം. ഐഎസിന്റെ ഇന്ത്യന്‍ ഘടകമുണ്ടാക്കലാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. അറസ്റ്റിലായവരെ ചോദ്യം ചെയ്യുന്നതിനായി ഡല്‍ഹി എന്‍ഐഎ ആസ്ഥാനത്ത് എത്തിച്ചു. മംഗളുരു സ്വദേശി അമ്മര്‍ അബ്ദുള്‍ റഹ്മാന്, കശ്മീര്‍ സ്വദേശികളായ ഉബൈദ് ഹമീദ്, മുസമ്മില്‍ ഹസന്, ബംഗളുരു സ്വദേശി ശങ്കര്‍ വെങ്കിടേഷ് പെരുമാള്‍ എന്നിവരെയാണ് എന്‍ഐഎ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിനും ഇവര്‍ പദ്ധതി ഇട്ടിരുന്നതായി സൂചനകളുണ്ട്.
ഐഎസ് ബന്ധത്തിന്റെ പേരില്‍ കഴിഞ്ഞ മാര്‍ച്ചില്‍ അറസ്റ്റിലായ മലയാളി അബു യഹിയ ആണ് സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത്. സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ ഐഎസ് സംഘങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന അബു യഹിയ പിന്നീട് ഇന്ത്യയിലേക്ക് തിരികെയെത്തുകയും, ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. കൂടുതല്‍ യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതും ഈ സമയത്താണ്.