പത്തനംതിട്ട: ജില്ലാ സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് 15ന് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ആരോഗ്യ വകുപ്പ്മന്ത്രി വീണാ ജോര്‍ജ് ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരിക്കും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതെന്ന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് അലക്സ് പി. തോമസ് പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന്റെ ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ചടങ്ങില്‍ പ്രവേശനമില്ല. വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്കും ചടങ്ങില്‍ പ്രവേശനം ഉണ്ടായിരിക്കില്ല. നൂറ് ക്ഷണിതാക്കള്‍ക്ക് മാത്രമാണ് പ്രവേശനം. പരേഡില്‍ അഞ്ചു ടീമുകള്‍ പങ്കെടുക്കും. പോലീസിന്റെ മൂന്നു ടീമും, ഫോറസ്റ്റ്, എക്സൈസ് എന്നിവരുടെ ഓരോ ടീമുകളുമാണ് പരേഡില്‍ പങ്കെടുക്കുക. ഓഗസ്റ്റ് 12, 13 തീയതികളില്‍ സ്വാതന്ത്ര്യദിന പരേഡ് റിഹേഴ്സല്‍ നടത്തും. 12 ന് വൈകുന്നേരം മൂന്നിനും, 13 ന് രാവിലെ എട്ടിനുമാണ് റിഹേഴ്സല്‍.
ആവശ്യമായ സുരക്ഷ പോലീസ് ഒരുക്കും.