ശാസ്താംകോട്ട – മൈനാഗപ്പള്ളി, കോവൂർ, ആകാശ് ഭവനത്തിൽ ജേക്കബ് വൈദ്യനെ (41) ആണ് ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയായ ലീനയുടെ പരാതിയിലാണ് അറസ്റ്റ്. ജേക്കബും ലീനയും തമ്മിലുള്ള വിവാഹം 2014 ഏപ്രിൽ മൂന്നാം തീയതി ആയിരുന്നു. അന്ന് ഭാര്യവീട്ടുകാർ 1,10,000 രൂപയും 15 പവൻ സ്വർണാഭരണങ്ങളും സ്ത്രീധനമായി ജേക്കബിനെ നൽകിയിരുന്നു. കിട്ടിയ പണവും സ്വർണ്ണാഭരണങ്ങളും ധൂർത്തടിച്ച് തീർത്ത ശേഷം കൂടുതൽ പണം ആവശ്യപ്പെട്ട് ജേക്കബ് ലീനയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇവർക്ക് മൂന്ന് കുട്ടികൾ ഉണ്ട്. ജേക്കബിന്റെ ഉപദ്രവം ഭയന്ന് ലീന കുട്ടികളുമായി അമ്മയോടൊപ്പം ജേക്കബ് താമസിക്കുന്ന വീടിന് സമീപം മറ്റൊരു വീട്ടിൽ താമസിച്ചുവരികയായിരുന്നു. 22. 03. 2021 ആം തീയതി ജേക്കബ് മദ്യപിച്ച് ലീനയും കുട്ടികളും താമസിക്കുന്ന വീട്ടിലെത്തുകയും കുട്ടികളെയും ലീനയെയും ലീനയുടെ മാതാവിനെയും അസഭ്യം പറയുകയും ഉപദ്രവിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. ആക്രമണത്തിൽ ലീനയുടെ കൈയുടെ എല്ലിന് പൊട്ടൽ സംഭവിച്ചിട്ടുള്ളതുമാണ്. തുടർന്ന് 31.07.2021-ാം തീയതി പകൽ 02.30 മണിയോടെ ജേക്കബ് മദ്യപിച്ച് വന്ന് ലീനയ്ക്കും മക്കൾക്കും നേരെ ആക്രമണം നടത്തുകയും നാലു വയസ്സുകാരനായ മകന് സാരമായി പരിക്കേൽക്കുകയും ചെയ്തു. ലീനയുടെ പരാതിയിൽ ശാസ്താംകോട്ട പോലീസ് കേസെടുത്തു ജേക്കബിനെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
