കൊട്ടാരക്കര : കിഴക്കേത്തെരുവ് പറങ്കാംവിള വീട്ടിൽ ബാബുവിന്റെ വീട്ടിൽ നിന്നും 40 പവന്റെ സ്വർണ്ണാഭരണങ്ങളും, 3 ലക്ഷം രൂപയും കവർന്ന കേസ്സിലെ പ്രതിയായ തിരുവനന്തപുരം ജില്ലയിൽ കല്ലിയൂർ വില്ലേജിൽ കല്ലിയൂർ കേളേശ്വരം വട്ടവിള വീട്ടിൽ നിന്നും തിരുവനന്തപുരം തെന്നൂർ വില്ലേജിൽ അരയക്കുന്ന് മുറിയിൽ സലീം എന്നയാളുടെ പേരിലുള്ള തോട്ടരികത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രാജൻ മകൻ 35 വയസുള്ള രാജേഷ് എന്നയാളെ കൊട്ടാരക്കര പോലീസ് മോഷണ വിവരം അറിഞ്ഞ് മണിക്കൂറുകൾക്ക് അകം അറസ്റ്റ് ചെയ്തു.
വീട്ടുകാർ ചികിത്സക്കായി എറണാകുളത്ത് പോയ സമയം നോക്കി പ്രതി വീടിന്റെ മുൻവാതിൽ കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയത്. കവർച്ച അറിഞ്ഞ് 30.07.2021 രാവിലെ സ്ഥലത്തെത്തിയ കൊട്ടാരക്കര പോലീസിന്റെ പഴുതടച്ച അന്വേഷണ മികവാണ്
ഒരു ദിവസത്തിനകം പ്രതിയെ വലയിലാക്കാൻ സാധിച്ചത്. വിവിധ ശാസ്ത്രീയ പരിശോധനകളിലൂടെ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. കെ.ബി രവി ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം കൊട്ടാരക്കര ഡി.വൈ.എസ്.പി സുരേഷ്.ആർ- ന്റെ നേതൃത്വത്തിൽ പ്രത്യേകം അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ ഉടനടി പിടികൂടാൻ സഹായിച്ചത്. പ്രതിയെത്തിരിച്ചറിഞ്ഞ പോലീസ് തിരുവന്തപുരത്തെ മലയോര പ്രദേശത്തെ വീട്ടിലെത്തിയപ്പോഴേക്കും പോലീസ് സാന്നിദ്ധ്യം മനസ്സിലാക്കിയ പ്രതി വീട്ടിൽ നിന്നും ഓടി രക്ഷപെടാൻ ശ്രമിക്കുകയും പോലീസ് ഉദ്യോഗസ്ഥർ സാഹസ്സികമായും, മല്പിടിത്തത്തിലൂടെയുമാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. തുടർന്ന് മോഷണ മുതലുകൾ പ്രതിയുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെത്തി. കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജോസഫ് ലിയോൺ, എസ്.ഐ മാരായ ആശാചന്ദ്രൻ, സജി ജോൺ (പൂയപ്പള്ളി PS) അജയകുമാർ,സുദർശനൻ, മധുസൂദനൻ പിള്ള, സി.പി.ഒ. മാരായ സലിൽ, അനിലാൽ, ജയേഷ്, ഫിംഗർ പ്രിൻന്റ് വിദഗ്ധനായ സനൻ ടി.ജി. എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.