സാമ്പത്തിക സഹായം സര്‍ക്കാറിനോട് പലതവണ അഭ്യര്‍ത്ഥിച്ചെങ്കിലും, ധനസഹായം നല്കാന് ധനവകുപ്പ് തയ്യാറായില്ലെന്ന ആക്ഷേപം ദേവസ്വം ബോര്‍ഡിനുണ്ട്. കോറോണ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാമ്പത്തിക ഞെരുക്കത്തിനിടയിലും ഭക്തരെ പിഴിയാനൊരുങ്ങുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ക്ഷേത്രങ്ങളിലെ വഴിപാടുകളുടേയും പ്രസാദങ്ങളുടേയും നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ നീക്കം നടത്തുന്നതായാണ് പുറത്തുവരുന്ന സൂചനകള്‍. ഹൈക്കോടതിയുടെ അംഗീകാരം ലഭിച്ചാല്‍ നിരക്ക് വര്‍ദ്ധിപ്പിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.
ക്ഷേത്രങ്ങളിലേക്കുള്ള ഭക്തരുടെ പ്രവേശനം കോറോണ പശ്ചാത്തലത്തില്‍ വിലക്കിയതോടെ ദേവസ്വം ബോര്‍ഡുകള്‍ക്ക് വരുമാനമില്ലാതായി. പ്രതിദിന ചെലവിനും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും പണമില്ലാതായതോടെയാണ് വഴിപാട് നിരക്ക് വര്‍ദ്ധിപ്പിച്ച് വരുമാനം കണ്ടെത്താന്‍ ബദല്‍ മാര്‍ഗം ദേവസ്വം ബോര്‍ഡ് തേടുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഏറ്റവും വലിയ വരുമാന മാര്‍ഗമായ ശബരിമലയില്‍ മണ്ഡല മകരവിളക്ക് സമയത്ത് പോലും പരിമിതമായി മാത്രമേ ഭക്തരെ ദര്‍ശനത്തിന് അനുവദിച്ചിരുന്നുള്ളൂ. കോടികളുടെ വരുമാന നഷ്ടമാണ് ഇതിലൂടെ ബോര്‍ഡിന് ഉണ്ടായിരിക്കുന്നത്. ക്ഷേത്രങ്ങളിലെ നിത്യപൂജയ്ക്ക് ഉപയോഗിക്കാത്ത പാത്രങ്ങള്‍ വിറ്റ് പണം കണ്ടെത്താനുള്ള ബോര്‍ഡിന്റെ വിവാദ നീക്കം ഭക്തരുടെ പ്രതിഷേധം ഉയര്‍ന്നതോടെ നേരത്തേ ഉപേക്ഷിച്ചിരുന്നു.
സാമ്പത്തിക സഹായം സര്‍ക്കാറിനോട് പലതവണ അഭ്യര്‍ത്ഥിച്ചെങ്കിലും, ധനസഹായം നല്കാന് ധനവകുപ്പ് തയ്യാറായില്ലെന്ന ആക്ഷേപം ദേവസ്വം ബോര്‍ഡിനുണ്ട്. ശബരിമലയില്‍ അരവണയുടെ വില 80 ല്‍ നിന്ന് 100 ഉം അപ്പ വില 30 ല്‍ നിന്ന് 50 ഉം ആക്കാനാണ് ദേവസ്വം ബോര്‍ഡ് നീക്കമെന്ന് സൂചനയുണ്ട്.
മറ്റു ക്ഷേത്രങ്ങളിലേയും വഴിപാട് നിരക്ക് ഉയര്‍ത്താനും ആലോചനയുണ്ട്. ഇതിനായി ദേവസ്വം കമ്മീഷണര്‍ അദ്ധ്യക്ഷനായ കമ്മറ്റി രൂപീകരിക്കുകയും പഠനം നടത്തുകയും ചെയ്തിരുന്നു. ഈ കമ്മറ്റി ബോര്‍ഡിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ നീക്കം നടത്തുന്നത്. ഹൈക്കോടതിയുടെ അനുമതി ലഭിക്കുന്നതിനനുസരിച്ച് നിരക്ക് ഉയര്‍ത്തും.