കേരളത്തില്‍ രണ്ടാം ഡോസ് ലഭിച്ചവരുടെ എണ്ണം ദേശീയ ശരാശരിയുടെ ഇരട്ടിയില്‍ അധികമാണ്. മൂന്ന് ദിവസത്തെ വാക്സീന് പ്രതിസന്ധിയ്ക്ക് താത്ക്കാലിക വിരാമം. ഇന്നലെ 9 ലക്ഷത്തിലധികം ഡോസ് വാക്സീനാണ് സംസ്ഥാനത്തിന് ലഭിച്ചത്. നാല് ദിവസത്തേക്ക് ആവശ്യമായ വാക്സീനാണ് എത്തിയിരിക്കുന്നത്. ഇതോടെ, കേരളത്തില്‍ ഇന്ന് വാക്സിനേഷന് വീണ്ടും പൂര്‍വ്വ സ്ഥിതിയിലാകും. ജില്ലകളിലേക്കുള്ള വാക്സീന് വിതരണം പുരോഗമിക്കുകയാണ്. വാക്സീന് കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ പോലീസ് ഇടപെടല്‍ കര്‍ശനമാക്കണമെന്ന് ഡിജിപി നിര്‍ദ്ദേശിച്ചിരുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 9,72,590 ഡോസ് വാക്സീന് എത്തിയിരുന്നു. 8,97,870 ഡോസ് കൊവിഷീല്‍ഡും 74,720 ഡോസ് കൊവാക്സിനുമാണ് എത്തിയത്. ഈ വാക്സീന് നാല് ദിവസത്തേക്കേ തികയുകയുള്ളൂ. വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്സീന് ആവശ്യമുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,90,02,710 പേര്‍ക്ക് വാക്സീന് നല്‍കിയെന്നാണ് സര്‍ക്കാരിന്റെ കണക്ക്. അതില്‍ 57,16,248 പേര്‍ക്ക് രണ്ട് ഡോസ് വാക്സീനും കിട്ടി. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 37.85 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 16.28 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സീനും നല്കി. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. മാത്രമല്ല, കേരളത്തില്‍ രണ്ടാം ഡോസ് ലഭിച്ചവരുടെ എണ്ണം ദേശീയ ശരാശരിയുടെ ഇരട്ടിയില്‍ അധികമാണ്.