കൊച്ചി : ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ വീഡിയോ പകര്‍ത്തിയ യുവാവിനെതിരെ കേസ് നല്‍കുമെന്ന് പറഞ്ഞ ആലത്തുര് എം.പി രമ്യ ഹരിദാസിനെതിരെ അഡ്വ. ഹരീഷ് വാസുദേവന്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിഗണന നല്കുന്ന നിയമങ്ങള്‍ രാജ്യത്തുള്ളത് അവരുടെ സാമൂഹിക സാഹചര്യം പരിഗണിച്ചാണ്. എന്നാല്‍, ആ നിയമങ്ങളെത്തന്നെ ദുര്‍ബ്ബലപ്പെടുത്തുകയാണ് ഓരോ വ്യാജ പരാതിയും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹരീഷ് വാസുദേവന്റെ പ്രതികരണം.
കുറിപ്പിന്റെ പൂര്‍ണരൂപം : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിഗണന നല്കുന്ന നിയമങ്ങള്‍ രാജ്യത്തുള്ളത് അവരുടെ സാമൂഹിക സാഹചര്യം പരിഗണിച്ചാണ്. അത് ദുരുപയോഗം ചെയ്യുന്ന ഓരോ വ്യാജ/കള്ള പരാതിയും ആ നിയമങ്ങളെത്തന്നെ ദുര്‍ബ്ബലപ്പെടുത്തുകയാണ്. ആത്യന്തികമായി ഓരോ പരാതിയും ഈ ദുര്‍ബ്ബലര്‍ക്കു മുഴുവന്‍ എതിരാണ്. അവര്‍ക്ക് കിട്ടേണ്ടുന്ന പരിഗണന ഇല്ലാതാക്കുകയാണ്. സാമൂഹിക അനീതിയാണത്. പതിറ്റാണ്ടുകളുടെ ജീവല്സമരങ്ങളിലൂടെ ഒരു ജനത നേടിയ അവകാശങ്ങളേയാണ് ഓരോ വ്യാജ പരാതിയും ദുര്‍ബ്ബലപ്പെടുത്തുന്നത്.