പട്ടാമ്പി താലൂക്കിൽ ടിപിആർ ഉയർന്ന് നിൽക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കലക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും നേതൃത്വത്തിൽ പട്ടാമ്പി നഗരസഭയിൽ വച്ച് യോഗം ചേർന്നു. ടിപിആർ നിരക്കിൽ മാറ്റമില്ലാതെ ഡി കാറ്റഗറിയിൽ ഉൾപ്പെട്ട് അടച്ചു പൂട്ടലിൽ തുടരുന്ന പട്ടാമ്പി നഗരസഭ,ഓങ്ങല്ലൂർ,കൊപ്പം,മുതുതല ഗ്രാമപഞ്ചായത്തുകളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി രോഗ വ്യാപനം കുറയ്ക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യോഗം വിശദമായി ചർച്ച ചെയ്തു. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളെ മൈക്രോ കണ്ടെയ്നമെന്റ് സോണുകളാക്കി തിരിച്ച് പഴുതടച്ച പ്രതിരോധം നടത്താൻ യോഗത്തിൽ തീരുമാനമായി.
ഇവിടെ പോലീസിന്റെയും,സെക്ട്രൽ മജിസ്ട്രേറ്റ്മാരുടെയും നേതൃത്വത്തിൽ കർശന പരിശോധനകൾ ഉണ്ടാകും.അതോടൊപ്പം രോഗ നിർണ്ണയം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കും.രോഗ വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ കൂടുതൽ പ്രദേശിക ടെസ്റ്റ് ക്യാമ്പുകൾ സംഘടിപ്പിച്ചാവും ഇത് നടപ്പിൽ വരുത്തുക.
ഡിസിസികൾ പുനരാരംഭിക്കാനും വീടുകളിൽ സൗകര്യം കുറവുള്ള പോസിറ്റീവ് രോഗികളെ പരമാവധി ഡിസിസികളിലേക്ക് മാറ്റുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കലക്ടറും എസ്പിയും നിർദേശം നൽകി. വാർഡ് തല ജാഗ്രത സമിതികൾ ചേർന്ന് ആർആർടിമാരുടെ സഹത്തോടെ വീടുകളിൽ കഴിയുന്നവരുടെ നിരീക്ഷണവും,ബോധവൽക്കരണ പ്രവർത്തനങ്ങളും ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.