സഹകരണ പ്രസ്ഥാനത്തിന് മരണമണി മുഴക്കിക്കൊണ്ട് സംഘ്പരിവാറിന്റെ ഹിന്ദു ബേങ്കുകള്‍ വരികയാണ്. ബേങ്കിംഗ് നിയമഭേദഗതികളിലൂടെ ഇന്ത്യയുടെ സഹകരണ മേഖലയാകെ നിയന്ത്രിക്കാനും കോര്‍പറേറ്റുകള്‍ക്ക് കൈയടക്കാനുമാവശ്യമായ നീക്കങ്ങളാണ് മോദി സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്. അത്തരമൊരു കോര്‍പറേറ്റ് ഹന്ദുത്വ അജന്‍ഡയുടെ ഭാഗമായിട്ടാണ് കേന്ദ്ര സര്‍ക്കാറിപ്പോള്‍ സഹകരണ മന്ത്രാലയം രൂപവത്കരിച്ചതും അതിന്റെ ചുമതല ആഭ്യന്തര മന്ത്രിയായ സാക്ഷാല്‍ അമിത്ഷായെ തന്നെ ഏല്‍പ്പിച്ചിരിക്കുന്നതും. സഹകരണ മേഖലയും ആഭ്യന്തര വകുപ്പും തമ്മില്‍ എന്താണ് ബന്ധമെന്നൊന്നും ചോദിക്കരുത്. കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലായിരുന്ന സഹകരണത്തെ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലാക്കിക്കൊണ്ടു വന്നിരിക്കുന്നത് കൃത്യമായ കോര്‍പറേറ്റ് ഹിന്ദുത്വ അജന്‍ഡയുടെ അടിസ്ഥാനത്തിലാണെന്നും മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതി. അമിത്ഷായുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ സഹകരണ മേഖലയെ അതിന്റെ സാമൂഹിക ലക്ഷ്യങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത് സമ്ബൂര്‍ണമായ കോര്‍പറേറ്റ് ഹിന്ദുത്വ താത്പര്യങ്ങള്‍ക്കാവശ്യമായ രീതിയില്‍ മാറ്റിമറിക്കാനാണ് പോകുന്നത്. അതിന്റെ ഭാഗമായിട്ടാണ് കേരളത്തില്‍ ഹിന്ദു ബേങ്കുകള്‍ ആരംഭിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങള്‍ സംഘ്പരിവാര്‍ തുടങ്ങിയിരിക്കുന്നത്.
തദ്ദേശഭരണതലങ്ങളില് ഹിന്ദുക്കളില്‍ നിന്നും പണം സമാഹരിച്ച് ഹിന്ദുക്കളെ സഹായിക്കുന്ന ബേങ്കുകള്‍ തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി സഹകരണ മന്ത്രാലയത്തിന് കീഴിലെ കമ്ബനി ആക്ട് പ്രകാരം നിധി ലിമിറ്റഡ് കമ്ബനികളായി ബേങ്കുകള്‍ സ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനോടകം തന്നെ നൂറോളം കമ്ബനികള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞിട്ടുണ്ടത്രെ.
ഹിന്ദു ബേങ്ക് ലിമിറ്റഡ് കമ്ബനികള്‍ ഹിന്ദുവിന്റെ പണം ഹിന്ദുക്കള്‍ക്ക് എത്തിക്കാനുള്ള മഹത്തായ ഹിന്ദുസേവയും രാഷ്ട്രസേവയുമായിട്ടാണ് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ കുറേക്കാലമായി പ്രവര്‍ത്തിക്കുന്ന ഹിന്ദു ഇക്കണോമിക് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഹിന്ദു ബേങ്കുകള്‍ എന്നുവേണം കരുതാന്‍. ഇത് സ്ഥാപിക്കാന്‍ ഭാരത് ഹിന്ദു പ്രജാ സംഘം, ഹിന്ദു സംരക്ഷണ പരിവാര്‍ തുടങ്ങിയ സംഘടനകളത്രെ മുന്‍കൈയെടുക്കുന്നത്. ഇപ്പോള്‍ തന്നെ നൂറോളം കമ്ബനികള്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അതിലൊന്നാണ് ചെര്‍പ്പുളശ്ശേരിയില്‍ വന്‍ തട്ടിപ്പ് നടത്തിയ ബേങ്കെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരിക്കുകയാണ്. സമ്ബന്നരായ ഹിന്ദുവ്യാപാരികളെയും ഇടത്തരക്കാരെയുമൊക്കെ സമീപിച്ച് മൂലധന സമാഹരണം നടത്തിക്കൊണ്ടാണ് ഹിന്ദുബേങ്കുകള് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ആദ്യഘട്ടമെന്ന രീതിയില്‍ ആരംഭിച്ചിരിക്കുന്ന നൂറ് ധനകാര്യ സ്ഥാപനങ്ങള്‍ ആശ്രമങ്ങളും മഠങ്ങളുമൊക്കെ കേന്ദ്രീകരിച്ചാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്.
അമിത്ഷായുടെ സഹകരണരംഗത്തെ കോര്പറേറ്റ്്വത്കരിക്കാനും വര്‍ഗീയവത്കരിക്കാനുമുള്ള കൃത്യമായ അജന്‍ഡയുമായി ചേര്‍ന്ന് കേരളത്തിലെ സഹകരണ മേഖലയാകെ കൈയടക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഇത്തരം മതബേങ്കുകളെന്ന് തിരിച്ചറിയണം. ലോകത്തിനുതന്നെ മാതൃകയായ കേരളത്തിന്റെ സഹകരണ മേഖലയെ പൊളിച്ചടക്കാനും ഹിന്ദുത്വ രാഷ്ട്രീയത്തിന് കേരളത്തില്‍ സ്വാധീനമുറപ്പിക്കാനുമുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഹിന്ദുബേങ്കുകള്. കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍ എല്‍ ഡി എഫ്, യു ഡി എഫ് മുന്നണികളുടെ നിയന്ത്രണത്തിലാണ്. ഗ്രാമീണ ഉത്പാദന മേഖലകളും സേവന മേഖലകളും ധനകാര്യ സംവിധാനങ്ങളുമെല്ലാമായി ബന്ധപ്പെട്ട ബൃഹത്തായ പ്രസ്ഥാനമാണ് കേരളത്തിന്റെ സഹകരണ മേഖല. കേരള ജനതയുടെ ജീവനോപാധികളിലും പണമിടപാടുകളിലും നിര്‍ണായകമായ പങ്ക് സഹകരണ മേഖലക്കുണ്ട്. ഈ രംഗത്ത് കയറിപ്പറ്റാനുള്ള ആസൂത്രിത നീക്കമാണ് അമിത്ഷായും സംഘ്പരിവാറും ആരംഭിച്ചിരിക്കുന്നത്. അതിനാവശ്യമായ മണ്ണ് ഒരുക്കിയെടുക്കാനാണ് ഹിന്ദു ബേങ്കുകള്‍ ആരംഭിക്കുന്നതെന്ന് മതനിരപേക്ഷ ജനാധിപത്യശക്തികള്‍ തിരിച്ചറിയണം.
അമിത്ഷായുടെ സഹകരണമന്ത്രാലയത്തിന്റെ പ്രവര്‍ത്തനം എങ്ങനെയൊക്കെയായിരിക്കുമെന്ന് മനസ്സിലാക്കാന്‍ ഗുജറാത്തിലദ്ദേഹം നടത്തിയിട്ടുള്ള സഹകരണ മേഖലയിലെ കുടിലമായ ഇടപെടലുകളുടെ ചരിത്രം മാത്രം പരിശോധിച്ചാല്‍ മതിയാകും. ബി ജെ പിക്ക് ഗുജറാത്തില്‍ പിടിമുറുക്കാന്‍ സഹായിച്ചത് പാലുത്പാദക സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള സഹകരണ മേഖലയുടെ കൈയടക്കലിലൂടെയായിരുന്നു. അമിത്ഷായുടെ കുടില ബുദ്ധിയിലാണ് കോണ്‍ഗ്രസ് നിയന്ത്രണത്തിലുണ്ടായിരുന്ന ഗുജറാത്തിലെ സഹകരണ ബേങ്കുകളെല്ലാം പിടിച്ചെടുക്കുന്ന പ്രക്രിയ വിജയകരമായി ബി ജെ പി പൂര്‍ത്തീകരിച്ചത്. വിശ്വവിഖ്യാതമായ അമൂല്‍ പ്രസ്ഥാനത്തെ കോര്പറേറ്റ്്വത്കരിച്ചതും അതിന്റെ സ്ഥാപകനായ വര്ഗീസ്കുര്യനെ സഹകരണ മേഖലയില്‍ നിന്ന് പുകച്ച് പുറത്തുചാടിച്ചതും അമിത്ഷായുടെ കുത്സിതമായ ഇടപെടലുകളിലൂടെയായിരുന്നു. ഗോള്‍വാള്‍ക്കര്‍ ജീവിച്ചിരുന്ന കാലത്തുതന്നെ സംഘ്പരിവാര്‍ വര്ഗീസ്കുര്യനെയും അമൂല്‍ പ്രസ്ഥാനത്തെയും നോട്ടമിട്ടിരുന്നു. ഇന്ത്യയുടെ ധവള വിപ്ലവത്തിന്റെ നായകനെ സംഘ്പരിവാര്‍ നുണപ്രചാരണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി അമൂല്പ്രസ്ഥാനത്തില് നിന്നും പുറത്തുചാടിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് നടത്തിയത്. കടുത്ത മതനിരപേക്ഷവാദിയും ഒരുവേള നിരീശ്വരവാദിയുമായ വര്ഗീസ്കുര്യനെ ക്രിസ്തുമതത്തിലേക്ക് ആളുകളെ മതപരിവര്‍ത്തനം നടത്തിക്കുന്ന വര്‍ഗീയവാദിയായും ചിത്രീകരിക്കുന്ന പ്രചാരണങ്ങളാണ് മോദിയും അമിത്ഷായുമെല്ലാം നടത്തിയത്.
കേന്ദ്ര സഹകരണ വകുപ്പിന് കീഴില്‍ തങ്ങളുടെ വിധ്വംസകവും വര്‍ഗീയവുമായ അജന്‍ഡക്കാവശ്യമായ രീതിയില്‍ പുതിയ കുറ്റാന്വേഷണ ഏജന്‍സികളെ കൊണ്ടുവന്നുകൊണ്ട് കേരളം പോലുള്ള സംസ്ഥാനങ്ങളിലെ സഹകരണ മേഖലക്കുമേല്‍ ഇടിച്ചുകയറാനുള്ള നീക്കമാണ് ആഭ്യന്തരമന്ത്രികൂടിയായ അമിത്ഷായുടെ നേതൃത്വത്തിലുള്ള കേന്ദ്ര സഹകരണ മന്ത്രാലയം നടത്താന്‍ പോകുന്നത്. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതു പോലെ കള്ളപ്പണ ആരോപണങ്ങള്‍ ഉന്നയിച്ച് അത് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സഹകരണ മേഖല പിടിച്ചെടുക്കുകയെന്ന തന്ത്രമാണ് അമിത്ഷാ പയറ്റാന്‍ പോകുന്നത്. ഇതിനാവശ്യമായ സൗകര്യമൊരുക്കിയെടുക്കുകയാണ് കേരളത്തിലിപ്പോള്‍ വിവാദമായിരിക്കുന്ന ഹിന്ദു ബേങ്കുകളിലൂടെ സംഘ്പരിവാര്‍ ശക്തികള്‍.
പേര് ബേങ്ക് എന്നാണെങ്കിലും ഇത് കേന്ദ്രസര്‍ക്കാര്‍ 2014 ല്‍ രൂപം നല്കിയ നിധി റൂള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന ബേങ്കിതര ധനകാര്യ സ്ഥാപനങ്ങളാണ്. ഇത്തരത്തിലുള്ള നൂറോളം ബേങ്കുകള്‍ പ്രവര്ത്തനമാരംഭിച്ചെന്നും 870 ഓളം നിധി ലിമിറ്റഡ് കമ്ബനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമാണ് ഇതിന്റെ സംഘാടകരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. ഇതില്‍ പലതും സഹകരണ നിയമമനുസരിച്ചുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ (അന്തര്‍സംസ്ഥാന സഹകരണ സംഘങ്ങള്‍) ആണെന്നാണ് പറയുന്നത്.
കേരളം പോലെ ബൃഹത്തായ സഹകരണസംരംഭങ്ങളുള്ള ഒരു സമൂഹത്തില്‍ 870 ഓളം കമ്ബനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടും കാര്യമായ ഇടപെടലുകളൊന്നും നടത്താന്‍ അവര്‍ക്കായിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. ഇപ്പോള്‍ പുറത്തുവന്ന വിവരമനുസരിച്ച് ഹിന്ദുത്വവാദികള്‍ ഹിന്ദുബേങ്കിന്റെ പേരില്‍ നിക്ഷേപകരുടെ പണം തട്ടി മുങ്ങിയിരിക്കുന്നുവെന്നത് മാത്രമാണ് സംഭവിച്ചിരിക്കുന്നത്.