സ്ത്രീധന ത്തിന്റെ പേരിൽ സംസ്ഥാനത്തു സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള ഡൌറി പ്രോഹിബിഷന്‍ ഓഫീസര്‍മാരെ എല്ലാ ജില്ലകളിലും വൈകാതെ നിയമിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.സ്ത്രീപക്ഷകേരളം പരിപാടികളുടെ ഭാഗമായി ഹൈക്കോടതിയിലെ ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് വനിതാ സബ് കമ്മിറ്റി സ്ത്രീധനമരണങ്ങള്‍ : വ്യക്തിനിയമങ്ങളും പിന്തുടര്ച്ചാവകാശങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഹൈക്കോടതി പരിഗണിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം ഈ വിഷയം പരാമര്‍ശിച്ചിരുന്നു. നേരത്തെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ റീജിയണല്‍ ഓഫീസുകളിലാണ് ഡൌറി പ്രോഹിബിഷന്‍ ഓഫീസര്‍മാര്‍ ഉണ്ടായിരുന്നത്. ഇതുമാറ്റി എല്ലാ ജില്ലയിലും ഓഫീസര്‍മാരെ നിയമിക്കും. പുതുതായി രൂപീകരിച്ച കേരള സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലാണ് ഈ ഉദ്യോഗസ്ഥര്‍ വരിക. എന്നാല്‍ വകുപ്പിന്റെ രൂപീകരണം പൂര്‍ത്തിയായിട്ടില്ല. വകുപ്പിലെ ബന്ധപ്പെട്ട ഓഫീസര്‍ക്ക് അധികചുമതല നല്കി തസ്തിക പുനര്‍നാമകരണം ചെയ്യുന്നത് അവസാന ഘട്ടത്തിലാണ്. ഉടനെ ഉത്തരവിറങ്ങും- മന്ത്രി പറഞ്ഞു.സ്ത്രീധന നിരോധന നിയമം നിലവിലുണ്ടെങ്കിലും പരാതി നല്കാന് ആരും മുതിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. റീജിയണല്‍ ഓഫീസര്‍മാര്‍ക്ക് മുമ്ബില്‍ വളരെ വിരളമായേ പരാതി വന്നിരുന്നുള്ളൂ. നിയമം അനുസരിച്ച് സ്ത്രീധനം വാങ്ങുന്നവരും കൊടുക്കുന്നവരും ഒരുപോലെ കുറ്റക്കാരാകും എന്നതിനാലാകാം ഇത്. ആരെങ്കിലും കൊല്ലപ്പെടുമ്ബോഴോ കടുത്ത പീഡനം മൂലം വീട് വിട്ടിറങ്ങേണ്ടി വരുമ്ബോഴോ മാത്രമാണ് കേസുണ്ടാകുന്നത്. ഈ സ്ഥിതി മാറാന്‍ പൊതുബോധം ശക്തിപ്പെടണമെന്ന് മന്ത്രി പറഞ്ഞു.
ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന് പി വിശ്വനാഥന് വിഷയം അവതരിപ്പിച്ചു. സംഘടനയുടെ സംസ്ഥാന ഭാരവാഹികളായ അഡ്വ. സി പി പ്രമോദ്, അയിഷാപോറ്റി, ലത തങ്കപ്പന് എന്നിവര്‍ സംസാരിച്ചു. അഡ്വ കെ ആര് ദീപ അദ്ധ്യക്ഷയായി. അഡ്വ. മേരി ബീന സ്വാഗതവും അഡ്വ. കെ എം രശ്മി നന്ദിയും പറഞ്ഞു.