വ്യവസായ സൗഹൃദ നടപടികളുടെ ഭാഗമായി വ്യവസായങ്ങൾക്കായി നടപ്പാക്കുന്ന ഏകജാലക സംവിധാനം വാണിജ്യ മേഖലയിലും പരിഗണിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്.
വ്യവസായ സൗഹൃദ നടപടികളുടെ ഭാഗമായി വ്യവസായങ്ങൾക്കായി നടപ്പാക്കുന്ന ഏകജാലക സംവിധാനം വാണിജ്യ മേഖലയിലും പരിഗണിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. കേരളത്തിൽ കൂടുതൽ നിക്ഷേപവും പരമാവധി തൊഴിലവസരങ്ങളും എന്ന ലക്ഷ്യത്തിലൂടെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് സംവിധാനം നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച ആശയസംവാദത്തിൽ സംസാരിക്കുകയായിരുന്നു വ്യവസായ മന്ത്രി. കുപ്രചാരണങ്ങളെക്കാൾ ഏറെ അകലെയാണ് യാഥാർഥ്യമെന്നും തടസങ്ങളോ പ്രശ്നങ്ങളോ ചൂണ്ടിക്കാണിച്ചാൽ അത് പരിഹരിക്കാൻ സർക്കാർ തയാറാണെന്നും അദ്ദേഹം പറഞ്ഞു. സംരംഭകർക്കായി പരാതിപരിഹാര ഫോറം നടപ്പാക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. എൽ എസ് ജി, തൊഴിൽ, ലീഗൽ മെട്രോളജി, മലിനീകരണ നിയന്ത്രണ ബോർഡ്, ഫാക്ടറി ആൻഡ് ബോയിലേഴ്സ് തുടങ്ങിയ അഞ്ച് വകുപ്പുകളെ കുറിച്ചാണ് വ്യവസായ മേഖലയിൽ നിന്ന് കാര്യമായ പരാതി ഉയരുന്നത്. എന്നാൽ ഈ അഞ്ച് വകുപ്പുകളും വ്യവസായ വകുപ്പിന് കീഴിലല്ല. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ദ്വിമുഖ സംവിധാനം ഏർപ്പെടുത്തും.
വ്യവസായ വകുപ്പിന് കീഴിലുള്ള മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മേഖലകളുടെ ചുമതല നൽകി പരാതികൾ പരിഹരിക്കാനുള്ള മേല്നപൊട്ട ചുമതല നൽകും. കൃത്യ സമയത്ത് പരാതികൾക്ക് തീർപ്പ് കൽപ്പിക്കാൻ ഇവർക്ക് നിർദേശം നൽകും. കേന്ദ്രീകൃത പരിശോധന സംവിധാനം ഉടൻ നിലവിൽ വരും. പരാതി ലഭിച്ചാൽ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ പരിശോധനകൾ നടത്തൂ. നാൽപ്പത്തിയഞ്ചിൽ ഇരുപത്തിരണ്ട് പൊതുമേഖലാ സ്ഥാപനങ്ങളും മെച്ചപ്പെടുത്താനുള്ള മാസ്റ്റർപ്ലാൻ തയാറായി കഴിഞ്ഞുവെന്നും വ്യവസായ മന്ത്രി അറിയിച്ചു.