കോട്ടയ്ക്കല്‍: ആയുര്‍വേദ ആചാര്യന് ഡോ.പി.കെ.വാര്യര്‍ (100) അന്തരിച്ചു. കോട്ടയ്ക്കലിലെ വീട്ടിലായിരുന്നു അന്ത്യം. ജൂണ്‍ എട്ടിനാണ് 100-ാം പിറന്നാള്‍ ആഘോഷിച്ചത്. കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല മാനേജിങ് ട്രസ്റ്റിയാണ്. പത്മശ്രീയും പദ്മവിഭൂഷണും നല്കി രാജ്യം ആദരിച്ചിട്ടുണ്ട്. കോടി തലപ്പണ ശ്രീധരന് നമ്ബൂതിരിയുടെയും പാര്‍വതി എന്ന കുഞ്ചി വാരസ്യാരുടെയും മകനായി 1921 ലാണ് പി.കെ.വാര്യരുടെ ജനനം. കോട്ടക്കല്‍ കിഴക്കേ കോവിലകം വക കെ.പി സ്കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കോഴിക്കോട് സാമൂതിരി ഹൈസ്കൂളിലൂം കോട്ടക്കല്‍ രാജാസ് ഹൈസ്കൂളിലുമായിട്ടായിരുന്നു തുടര്‍ വിദ്യാഭ്യാസം. കോട്ടക്കല്‍ ആയുര്‍വേദ പാഠശാലയില്‍ ‘ആര്യവൈദ്യന്‍’ കോഴ്സിന് പഠിച്ചു. ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്.
‘സ്മൃതിപര്‍വം’ പികെ.വാര്യരുടെ ആത്മകഥയാണ്. ഇതിന് 2009ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ഓള് ഇന്ത്യ ആയുര്‍വേദിക് കോണ്‍ഗ്രസിന്റെ പ്രസിഡന്റായി രണ്ടുതവണ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കവയിത്രിയായിരുന്ന പരേതയായ മാധവിക്കുട്ടി കെ.വാര്യരാണ് ഭാര്യ. ഡോ. കെ.ബാലചന്ദ്ര വാര്യര്‍, കെ.വിജയന് വാര്യര്‍ (പരേതന്), സുഭദ്ര രാമചന്ദ്രന് എന്നിവരാണ് മക്കള്‍.