കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 43,393 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായി 911 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് വെള്ളിയാഴ്ച ഈ വിവരങ്ങള്‍ പുറത്തുവിട്ടത് . ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ ആകെ എണ്ണം 3,07,52,950 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് കേരളത്തില്‍ നിന്നാണ്. 13,772 കേസുകളാണ് കേരളത്തില്‍ പുതിയതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. 9,083 കേസുകള്‍ മഹാരാഷ്ട്രയിലും 3,211 കേസുകള്‍ തമിഴ്നാട്ടിലും ആന്ധ്രയില്‍ 2,982 കേസുകളും അസമില്‍ 2,644 കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
പുതിയ കോവിഡ് -19 കേസുകളില്‍ 73.03 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ മാത്രം 31.74 ശതമാനം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 911 പേര് കൂടി അണുബാധയ്ക്ക് ഇരയായി മരണത്തിനു കീഴടങ്ങി. രാജ്യവ്യാപകമായി ആകെ മരണം 4,05,939 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര് മരണത്തിനു കീഴടങ്ങിയത്.439 പേര്. കേരളത്തില്‍ 142 പേരും മരിച്ചു. ഇന്ത്യയില്‍ ഇപ്പോള്‍ നിലവില്‍ 4,58,727 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. സജീവ കേസുകള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,977 കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൊത്തം 44,459 രോഗികള്‍ സുഖം പ്രാപിച്ചപ്പോള്‍ ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.19 ശതമാനത്തിലെത്തി. വാക്സിനേഷന് ഡ്രൈവും ഇന്ത്യയില്‍ സജീവമായി നടക്കുന്നു. 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ ആകെ 40,23,173 ഡോസുകള്‍ നല്കി, ഇതോടെ മൊത്തം ഡോസുകളുടെ എണ്ണം 36,89,91,222 എത്തി.