കൊട്ടാരക്കര: ഓൺലൈൻ പഠനത്തിന് സംവിധാനമില്ലാതെ വിഷമിച്ചപ്പോഴാണ് സോനയ്ക്ക് മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ഫോൺ നമ്പർ കിട്ടിയത്. പത്തനാപുരത്തുകാരിയായ അമ്മൂമ്മ ശാന്തയാണ് നമ്പർ സംഘടിപ്പിച്ചത്. മന്ത്രിയെ നേരിട്ട് വിളിയ്ക്കാൻ ആദ്യം പരിഭ്രമം തോന്നിയെങ്കിലും മറുതലയ്ക്കൽ ഫോണെടുത്ത മന്ത്രിയുടെ വാത്സല്യസ്വരം സോനയ്ക്ക് ധൈര്യം പകർന്നു. താൻ പെരുംകുളം ഗവ.പി.വി.എച്ച്.എസ്.എസിലെ ഏഴാം ക്ളാസ് വിദ്യാർത്ഥിനിയാണെന്നും പട്ടികജാതി കുടുംബാംഗമായിട്ടും ഇതുവരെ മൊബൈൽ ഫോൺ കിട്ടിയില്ലെന്നും സോന പറഞ്ഞു. മോൾക്ക് ഉടനെ ഫോൺ എത്തിച്ചുതരാമെന്ന് ഉറപ്പ് കൊടുത്താണ് ബാലഗോപാൽ ഫോൺ കട്ടാക്കിയത്. ഉടൻതന്നെ മന്ത്രി സി.പി.എം കോട്ടാത്തല ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ചന്ദ്രനെ വിവരം അറിയിച്ചു. ഇന്നലെ കൊട്ടാരക്കര ഏരിയ കമ്മിറ്റി അംഗം എൻ.ബേബിയും കോട്ടാത്തല ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ചന്ദ്രനുഡി.വൈ.എഫ്.ഐ ബ്ളോക്ക് ട്രഷറർ എസ്.അരവിന്ദും അജീഷ് കൃഷ്ണയും സന്ദീപും എസ്.അരുൺകുമാറും കൂട്ടിങ്ങൽ ബാബുവും അജയകുമാറും അനന്ദുവും അടങ്ങുന്ന സംഘം സോനയുടെ വീട്ടിലെത്തി. അമ്മയുടെയും അനുജത്തി വൈഗയുടെയും സാന്നിദ്ധ്യത്തിൽ സോനയ്ക്ക് മൊബൈൽഫോൺ കൈമാറി. കൂലിപ്പണിക്കാരനായ പള്ളിയ്ക്കൽ കുറ്റിക്കുന്നിൽവീട്ടിൽ സോമന്റെയും രമ്യയുടെയും മകളാണ് സ്കൂളിലെ മിടുക്കി കുട്ടിയായ സോന സോമൻ. ഓൺലൈൻ പഠനമായപ്പോൾ തീർത്തും ബുദ്ധിമുട്ടിലായി. കഴിഞ്ഞ വർഷം സ്കൂളിലെ അദ്ധ്യാപിക ഒരു ടി.വി സംഘടിപ്പിച്ചുകൊടുത്തിരുന്നു. വിക്ടേഴ്സ് ചാനൽ നോക്കിയാണ് ഇതുവരെ പഠിച്ചുവന്നത്
