അച്ഛനിരുന്ന കസേരയില്‍ മകനും. ചരിത്രത്തിന്റെ ആവര്‍ത്തനമാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ മന്ത്രി പദവി ഓര്‍മ്മിപ്പിക്കുന്നത്. കോണ്‍ഗ്രസ് മന്ത്രിസഭയില്‍ പിതാവ് മാധവ് റാവു സിന്ധ്യ ഭരിച്ചിരുന്ന വ്യോമയാന വകുപ്പു തന്നെയാണ് എന്‍ഡിഎ മന്ത്രിസഭയില്‍ അംഗമായതോടെ മകന് ജ്യോതിരാദിത്യയെ തേടിയെത്തിയത്
നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭയുടെ ആദ്യ വിപുലീകരണമായിരുന്നു ബുധനാഴ്ച ഉണ്ടായത്. കോണ്‍ഗ്രസിനോടു പിണങ്ങി മധ്യപ്രദേശില്‍ നിന്ന് ബിജെപിയില്‍ എത്തിയ ജ്യോതിരാദിത്യ സിന്ധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കുള്ള വിശ്വാസം തന്നെയാണ് മന്ത്രിസഭയിലെ സ്ഥാന ലബ്ധി.
ബുധനാഴ്ച രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം പൂര്‍ണ്ണ ചുമതയോടെ ക്യാബിനറ്റ് മന്ത്രിയായി അധികാരമേറ്റത് . തുടര്‍ന്ന വകുപ്പ് പ്രഖ്യാപനവും ഉണ്ടായി. സിവില്‍ ഏവിയേഷന്‍. പിതാവ് മാധവറാവു സിന്ധ്യ 1991 മുതല്‍ 1993 വരെ പി വി നരസിംഹറാവു സര്‍ക്കാരില്‍ സിവില്‍ ഏവിയേഷന്‍, ടൂറിസം വകുപ്പുകള്‍ വഹിച്ചിരുന്നു.
രാജ്യം ഉദാരവല്ക്കരണത്തിലേയ്ക്കു നീങ്ങിയ സമയമായിരുന്നു അത്. ഇന്ത്യയുടെ രാഷ്ട്രീയത്തേയും സമ്പദ്വ്യവസ്ഥയേയും ആ വര്‍ഷങ്ങള്‍ നിര്‍വചിച്ചു. ഏതാണ്ട് സമാനമാണ് ഇപ്പോഴത്തെ അവസ്ഥയും കോവിഡ് -19 പാന്‍ഡെമിക്കിനു ശേഷം ഈ മേഖല പുതിയ തുടക്കമാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ ചുമതല ജ്യോതിരാദിത്യ ഏറ്റെടുക്കുന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. പ്രതിക്ഷ നല്കുന്നു.
അച്ഛന്റേയും മകന്റേയും രാഷ്ട്രീയ ജീവിതത്തിന് വേറേയും സാമ്യതകളുണ്ട്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് ഇരുവരും കേന്ദ്രമന്ത്രിമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായി മാധവറാവു പ്രവര്‍ത്തിച്ചിരുന്നു. മന്മോഹന് സിംഗ് സര്‍ക്കാരില്‍ ആശയവിനിമയ, ഐടി മന്ത്രിയായി ജ്യോതിരാദിത്യയും പ്രവര്‍ത്തിച്ചിട്ടുണ്ട്. തപാല്‍ സംവിധാനം ഇന്നത്തെ രീതിയില്‍ പുനരുജ്ജീവിപ്പിച്ചതിന്റെ ബഹുമതി ജ്യോതിരാദിത്യയ്ക്കുണ്ട്.
താരതമ്യങ്ങള്‍ അവസാനിക്കുന്നില്ല. കോണ്‍ഗ്രസില്‍ ചേരുന്നതിന് മുമ്പ് മാധവറാവു ജനസംഘത്തിന്റെ (ബിജെപിയുടെമുന്രൂപം) നേതാവായി പ്രവര്‍ത്തിച്ചിരുന്ന ചരിത്രമുണ്ട്. രാഹുല്‍ ഗാന്ധിയുമായി പിണങ്ങിയാണ് കോണ്‍ഗ്രസില്‍ നിന്ന് പിന്മാറി ജ്യോതിരാദിത്യ ബിജെപിയില്‍ ചേരുന്നത്.
റെയില്‍വേ മന്ത്രി എന്ന നിലയില്‍ മികച്ച പ്രകടനത്തിന്റെ തിളക്കത്തോടെയാണ് അച്ഛന് മാധവറാവു സിന്ധ്യ സിവില്‍ ഏവിയേഷന്‍ മന്ത്രിയായതെങ്കിലും അവിടെ ശോഭിക്കാന്‍ കഴിഞ്ഞില്ല. വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷകള്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥരുടെ നിരന്തരമായ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ തകര്‍ന്നു. ഒരു വിമാനാപകടത്തെ തുടര്‍ന്ന് ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം മന്ത്രി സ്ഥാനം രാജിവയ്ക്കുകയാണുണ്ടായത്.
കോവിഡ് പ്രതിസന്ധിയിലാക്കിയ സമയത്താണ് ജ്യോതിരാദ്യ സിന്ധ്യ സിവില്‍ ഏവിയേഷന്‍ മന്ത്രാലയമായി ചുമതലല്ക്കുന്നത്. ഈ വര്‍ഷം മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ച പ്രതിമാസ റിപ്പോര്‍ട്ടില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 13 ശതമാനത്തിലധികം കുറവുണ്ടായി. വരുമാനം പാടേ ഇടിഞ്ഞു. സിവില്‍ ഏവിയേഷന്‍ മേഖലയില്‍ മാധവറാവു സിന്ധ്യയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വലിയ ഉത്തരവാദിത്തമാണ് മകന് ജ്യോതിരാദിത്യ സിന്ധ്യയെ കാത്തിരിക്കുന്നത്. കടുത്ത വെല്ലുവിളിയാണിത്. രാഷ്ട്രീയത്തിലും ഭരണപരമായും യഥാര്‍ത്ഥ പരീക്ഷണമാണിത്.