കോട്ടയം∙ നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് ട്രാൻസ്ഫോർമറിൽ ഇടിച്ച് ഡ്രൈവറുൾപ്പെടെ 9 പേർക്ക് പരുക്ക്. കോട്ടയം – പുതുപ്പള്ളി റൂട്ടിൽ കന്നുകുഴി വളവിൽ ഇന്ന് രാവിലെയാണ് അപകടം. മല്ലപ്പള്ളിയിൽനിന്നും കോട്ടയത്തേക്കു വരികയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. വളവിൽ വച്ച് ഡ്രൈവറുടെ സീറ്റിന്റെ ഡോർ തുറന്നുപോയി. അതടയ്ക്കാൻ ശ്രമിക്കുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം. നിയന്ത്രണം വിട്ട ബസ് ട്രാൻസ്ഫോർമറിലും മരത്തിലുമായി ഇടിച്ചുനിന്നു. അപകടത്തിൽ ട്രാൻസ്ഫോർമർ പൂർണമായി തകർന്നു. പ്രദേശത്തെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. പരുക്കേറ്റ 8 യാത്രക്കാരെയും ഡ്രൈവറെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
