മത്സ്യത്തൊഴിലാളി കുടുംബമാണ്. മകൾ 75 ശതമാനം അംഗപരിമിതയാണ്. കുട്ടിക്ക് അപസ്മാരവുമുണ്ട്. ചികിത്സയ്ക്ക് ബസിലും ട്രെയിനിലും കൊണ്ടുപോകാൻ പറ്റാത്തതു കൊണ്ട് ഒരു കാർ എടുത്തു. ഇതു കാരണം മുൻഗണനാ വിഭാഗത്തിലുള്ള കാർഡ് സ്വയം ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. അല്ലെങ്കിൽ നടപടിയെടുക്കുമെന്നും അറിയിച്ചു. പേടിച്ച് അപേക്ഷ നൽകി. ഇപ്പോൾ വെള്ള കാർഡായെന്നാണ് അറിഞ്ഞത്. സാർ സഹായിക്കണം,” കൊല്ലം നീണ്ടകരയിൽ മത്സ്യത്തൊഴിലാളിയായ ഗംഗയുടെ പരാതിയാണിത്. ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ വെള്ളിയാഴ്ച നടത്തിയ ഫോൺ ഇൻ പരിപാടിയിലാണ് തന്റെ സങ്കടാവസ്ഥ ഗംഗ അറിയിച്ചത്.
സുഖമില്ലാത്ത മകളെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് ഒരു കാർ എടുത്തെന്നു കരുതി മുൻഗണനാ വിഭാഗത്തിൽ നിന്ന് ഒഴിവാക്കില്ലെന്ന് മന്ത്രി ഗംഗയെ സമാധാനിപ്പിച്ചു. മുൻഗണനാ വിഭാഗത്തിൽ കടന്നുകൂടിയ അനർഹർക്ക് ഒഴിവാകാൻ സമയം നൽകിയിട്ടുണ്ട്. ആരേയും നിർബന്ധിച്ച് പിൻമാറ്റേണ്ടതില്ലെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. ഗംഗയുടെ പരാതിയിൽ അടിയന്തരമായി ഇടപെടുമെന്ന് മന്ത്രി അറിയിച്ചു. ഗംഗയുടെ പരാതി പരിഹരിക്കുന്നതിന് കരുനാഗപ്പള്ളി സപ്ലൈ ഓഫീസുമായി ബന്ധപ്പെടാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശവും നൽകി.
പാവങ്ങളെ സഹായിക്കാൻ അനർഹർ ഒഴിവാകണമെന്ന ഭക്ഷ്യവകുപ്പിന്റെ അഭ്യർത്ഥനയിൽ വ്യാഴാഴ്ച വരെ 69873 പേർ സ്വയം ഒഴിവായിട്ടുണ്ട്. അനർഹർക്ക് മുൻഗണനാ വിഭാഗത്തിൽ നിന്ന് സ്വയം ഒഴിവാകുന്നതിന് ജൂലൈ 15 വരെ സമയം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
മരുമകൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നതിനാൽ മൂന്നു മാസം റേഷൻ വാങ്ങാതിരുന്നപ്പോൾ മുൻഗണനാ വിഭാഗത്തിൽ നിന്ന് ഒഴിവാക്കിയെന്നതായിരുന്നു തൊടുപുഴയിൽ നിന്നുള്ള സോമനാഥിന്റെ പരാതി. ഇതിലും മന്ത്രി പരിഹാരം ഉറപ്പുനൽകി. മനപൂർവമല്ലാതെ സംഭവിക്കുന്ന ഇത്തരം കാര്യങ്ങളിൽ ഉദ്യോഗസ്ഥർ അനുഭാവപൂർവമായ നടപടി സ്വീകരിക്കണം.
ഓരോ റേഷൻ കടയുടെയും പരിധിയിൽ വരുന്ന മുൻഗണനാ വിഭാഗക്കാരുടെ ലിസ്റ്റ് പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ആവശ്യമായ സ്ഥലങ്ങളിൽ കൂടുതൽ റേഷൻ കടകൾ അനുവദിക്കുന്നത് പരിഗണിക്കും. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന വസ്തുക്കൾ റേഷൻ കടകൾ വഴി ഉപഭോക്താക്കൾക്ക് എത്തിക്കാനും ഉദ്ദേശിക്കുന്നു. കശുഅണ്ടി, മഞ്ഞൾ, ഏലയ്ക്ക് തുടങ്ങി വ്യത്യസ്ത ഉത്പന്നങ്ങളും ഇവയുടെ മൂല്യവർധിത ഉത്പന്നങ്ങളും ഇത്തരത്തിൽ ലഭ്യമാക്കും. മായമില്ലാത്ത ഭക്ഷ്യവസ്തുക്കൾ കേരള ബ്രാൻഡിൽ വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. കൃഷിക്കാരിൽ നിന്ന് ഉത്പന്നങ്ങൾ നേരിട്ട് സംഭരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിലൂടെ കർഷകർക്ക് നല്ല വിലയും ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. താലൂക്ക്, ജില്ലാ കേന്ദ്രങ്ങളിൽ മാൾ സംവിധാനം ഏർപ്പെടുത്തുന്നതും പരിഗണനയിലുണ്ട്.
കുത്തരിക്ക് പകരം വെള്ള അരി വേണമെന്നായിരുന്നു മറ്റൊരു ആവശ്യം. മലപ്പുറം ജില്ലയിലെ ചില പ്രദേശങ്ങളിലുള്ള ബിനാമി പ്രശ്നങ്ങളും ചൂണ്ടിക്കാട്ടപ്പെട്ടു. റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റണമെന്ന ആവശ്യവുമായി നിരവധി ഫോൺ കാളുകൾ എത്തി. സ്പെഷ്യൽ അരി റേഷൻ കടയിൽ നിന്ന് യഥാസമയം ലഭിക്കുന്നില്ലെന്നതായിരുന്നു മറ്റൊരു പരാതി. എല്ലാ മാസവും ആദ്യത്തെ വെള്ളിയാഴ്ചയാണ് ഭക്ഷ്യമന്ത്രി ഫോൺ ഇൻ പരിപാടി നടത്തുന്നത്.