തിരുവനന്തപുരം : കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ സർക്കാർ ഏർപ്പെടുത്തിയ വാരാന്ത്യ നിയന്ത്രണങ്ങൾ ഞായറാഴ്ചയും തുടരും. തിങ്കളാഴ്ച മുതൽ ഇളവുകൾ തുടരും. കെ.എസ്.ആർ.ടി.സി. ഇന്ന് പരിമിത സർവീസുകൾ മാത്രം നടത്തും. സ്വകാര്യ ബസുകൾ ഓടില്ല. അവശ്യ സർവ്വീസ് മേഖലയിലുള്ളവർക്കും ആരോഗ്യസേവനങ്ങൾക്കും മാത്രമാണ് ഇളവുള്ളത്.
ഹോട്ടലുകളിൽ പാഴ്സൽ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവ രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ പ്രവർത്തിക്കും. ഭക്ഷ്യോത്പന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽബൂത്തുകൾ, മത്സ്യ, മാംസ വിൽപ്പന ശാലകൾ, കള്ളുഷാപ്പുകൾ എന്നിവ രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ പ്രവർത്തിക്കും. അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിച്ചശേഷം നിർമാണ മേഖലയിൽ ഉള്ളവർക്ക് കോവിഡ് മാനദണ്ഡപ്രകാരം പ്രവർത്തിക്കാം.
ആരാധനാലയങ്ങൾ തുറക്കും. ക്രിസ്തീയ ദേവാലയങ്ങളിൽ ഞായറാഴ്ച പ്രാർത്ഥനകൾക്ക് കൂടുതൽ ഇളവുകൾ നൽകിയിട്ടില്ലെങ്കിലും 15 പേർക്ക് പങ്കെടുക്കാം. കൂടുതൽ പേരെ പങ്കെടുപ്പിക്കാൻ അനുമതി നൽകണമെന്ന് വിവിധ മതവിഭാഗങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ടിപിആർ കുറയാത്ത സാഹചര്യത്തിൽ അനുമതി നൽകേണ്ടെന്ന് ഇന്നലെത്തെ അവലോകനയോഗം തീരുമാനിക്കുകയായിരുന്നു. നിത്യപൂജകളും, പ്രാർത്ഥനകളും ഉണ്ടാകും. ടി.പി.ആർ.ഉയർന്ന പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണും നടപ്പാക്കും. തിങ്കളാഴ്ച മുതൽ ഇളവുകൾ തുടരും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതൽ തുറക്കും.
അതേസമയം കോവിഡ് രണ്ടാം തരംഗമവസാനിക്കും മുൻപ് തന്നെ കേരളത്തിൽ കോവിഡ് കേസുകൾ വീണ്ടും കൂടാൻ സാധ്യതയെന്ന് ആരോഗ്യവിദഗ്ദരുടെ മുന്നറിയിപ്പ്. ഡെൽറ്റപ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.