തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16ൽ താെഴയുള്ള (എ,ബി) തദ്ദേശ സ്ഥാപന പരിധിയിലാണ് അനുമതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രാർഥനക്കെത്തുന്നവരുടെ എണ്ണം 15ൽ കൂടരുത്.
പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകിെല്ലന്ന നിബന്ധനയോടെ ചൊവ്വ, വ്യാഴം ദിവസങ്ങളിലും ബാങ്കുകൾക്ക് പ്രവർത്തനാനുമതി നൽകും. കാറ്റഗറി എയിലും ബിയിലും പെട്ട പ്രദേശങ്ങളിൽ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും 50 ശതമാനം വരെ ജീവനക്കാരെയും കാറ്റഗറി സിയിൽ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും 25 ശതമാനം വരെ ജീവനക്കാരെയും ഉൾപ്പെടുത്തി പ്രവർത്തിക്കാം. ശനിയും ഞായറും നിലവിലെ നിയന്ത്രണങ്ങൾ തുടരും.
പൊതുജനങ്ങളുമായുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും ആളുകളുടെ എണ്ണം പരമാവധി കുറച്ചും നിയന്ത്രണങ്ങളോടെ ഇൻഡോറിൽ ടെലിവിഷൻ പരമ്പര ചിത്രീകരണം അനുവദിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രധാന ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ അനുവദിക്കുന്നത് പരിഗണനയിലാണ്. എന്നാൽ, വാക്സിൻ രണ്ടു ഡോസും എടുത്തവരെയേ പ്രവേശിപ്പിക്കൂ.