കോഴിക്കോട്: രാമനാട്ടുകരയിലെ വാഹനാപകടത്തില്‍ അഞ്ച് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ്. അപകടത്തില്‍പ്പെട്ട കാറിനൊപ്പം മറ്റ് രണ്ട് കാറുകള്‍ കൂടിയുണ്ടായിരുന്നുവെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്തുടര്‍ന്ന വാഹനങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കോഴിക്കോട് രാമനാട്ടുകരയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് യുവാക്കള്‍ മരിച്ചത്. രാമനാട്ടുകരയ്ക്കടുത്ത് വൈദ്യരങ്ങാടിയിലായിരുന്നു അപകടം.മരണത്തിനിടയാക്കിയ ബൊലേറോ മൂന്നുതവണ മലക്കം മറഞ്ഞ് ലോറിയില്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് ലോറി ഡ്രൈവര്‍ പറഞ്ഞു. സിമന്റ് കയറ്റിവന്ന ലോറിയിലാണ് ബൊലേറോ ഇടിച്ചത്. പുലര്‍ച്ചെ 4.45 ഓടെയാണ് അപകടം നടന്നത്. അപകട സമയത്ത് നേരിയ മഴയുണ്ടായിരുന്നു. പാലക്കാട് ചെര്‍പ്പുളശ്ശേരി, പട്ടാമ്ബി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ ഇവരാണ് മരിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
എയര്‍പോര്‍ട്ടില്‍ പോയി മടങ്ങി വരുമ്ബോഴായിരുന്നു അപകടം. പാലക്കാട് നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. സുഹൃത്തിനെ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ പാലക്കാട് നിന്നെത്തിയത് എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. വിമാനത്താവളത്തില്‍ എത്തിയവര്‍ എന്തിനാണ് രാമനാട്ടുകര ഭാഗത്തേക്ക് വന്നതെന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഒന്നിലധികം വാഹനങ്ങളിലാണ് സംഘം സഞ്ചരിച്ചിരുന്നത്. അപകടത്തില്‍പ്പെട്ട വാഹനം മാത്രമാണ് രാമനാട്ടുകര ഭാഗത്തേക്ക് പോയത്. വിമാനത്താവളത്തില്‍ നിന്ന് ഇവര്‍ വെള്ളം വാങ്ങിക്കുന്നതിനായി പോയതാണ് എന്നാണ് രണ്ടാമത്തെ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ പറയുന്നത്. ഇത് പോലീസ് പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
തങ്ങളുടെ കൂടെയുള്ള വാഹനം അപകടത്തില്‍പ്പെട്ടത് ആരാണ് ഇവരെ വിളിച്ച് പറഞ്ഞതെന്ന് വ്യക്തമല്ല. അതേ സമയം തങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അപകടത്തില്‍പ്പെട്ടവരെ കിട്ടിയല്ലെന്നും തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ വന്നവരാണ് അപകടം നടന്ന വിവരം തങ്ങളെ അറിയിച്ചതെന്നുമാണ് കൂടെയുണ്ടായിരുന്ന മുബശ്ശിര്‍ എന്നയാള്‍ പറയുന്നത്.
എന്നാല്‍ മരിച്ച അഞ്ചുപേരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. മാത്രമല്ല എസ്ഡിഐപിയുടെ സജീവ പ്രവര്‍ത്തകരാണെന്നും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഒപ്പം അപകടത്തില്‍ മരിച്ചവരുടെ കൂടെ വന്ന സുഹൃത്തുക്കളെയും ചോദ്യം ചെയ്യുകയാണ്. മറ്റു ഉന്നതല അന്വേഷണങ്ങളും പുരോഗമിക്കുന്നു.