കൊട്ടാരക്കര: മധുര പലഹാരങ്ങളും നോട്ടുബുക്കുളും മൊബൈൽ ഫോണുമായി അദ്ധ്യാപകർ വീട്ടിലേക്ക് കടന്നുവന്നപ്പോൾ അമൃതയ്ക്കും ആതിരയ്ക്കും അർച്ചനയ്ക്കും ആദ്യം പരിചയം തോന്നിയില്ല. തങ്ങളുടെ സ്കൂളിലെ അദ്ധ്യാപകരാണെന്നറിഞ്ഞതോടെ കുട്ടികൾ അവർക്കരികിലേക്ക് ഓടിയെത്തി. കൊവിഡ് കാലമായിട്ടും അവർ അദ്ധ്യാപികമാരെ കെട്ടിപ്പിടിച്ച് സ്നേഹം പങ്കിട്ടു. ഇന്നലെ കോട്ടാത്തലയിലായിരുന്നു അപൂർവാനുഭവം. കോട്ടാത്തല യു.പി സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർത്ഥിനിമാരാണ് മൂവർസംഘം. കോട്ടാത്തല കല്ലുകീറഴികത്ത് വീട്ടിൽ(സന്തോഷ് ഭവൻ) രതീഷിന്റെയും സരിതയുടെയും മക്കളാണ് ഒറ്റപ്രസവത്തിലെ ഈ പെൺകുട്ടികൾ. നാല് വർഷം മുൻപ് രതീഷിന്റെ അകാലവിയോഗത്തോടെയാണ് കുടുംബം ബുദ്ധിമുട്ടിലായത്. അമ്മ പുതുജീവിതത്തിലേക്ക് കടന്നതോടെ മൂന്ന് മക്കളും സഹോദരൻ സന്തോഷിന്റെ തണലിലായി. കളിയും ചിരിയും ചില്ലറ വഴക്കുമൊക്കെയായി അവർ വേനൽക്കാലം മുഴുവൻ ആഘോഷമാക്കുകയായിരുന്നു. കോട്ടാത്തല ഗവ.എൽ.പി സ്കൂളിൽ നിന്നും ഒരു കിലോമീറ്റർ ദൂരേയ്ക്കുള്ള യു.പി സ്കൂളിലേക്ക് മാറ്റിയത് അഞ്ചാംക്ളാസിലേക്കാണ്. പക്ഷെ, അഡ്മിഷൻ സമയത്തും സ്കൂൾ തുറപ്പ് വേളയിലുമൊന്നും വിദ്യാലയത്തിലേക്ക് പോകാൻ കുട്ടികൾക്ക് അവസരമുണ്ടായില്ല. പുത്തൻ കൂട്ടുകാരെ പരിചയപ്പെട്ടിട്ടുമില്ല. പഠനം ചോദ്യചിഹ്നമായി തുടരുമ്പോഴായിരുന്നു അദ്ധ്യാപകർ കുട്ടികളെ തേടിയെത്തിയത്. പ്രഥമാദ്ധ്യാപകൻ ബി.എസ്.ഗോപകുമാറിന്റെ നേതൃത്വത്തിലാണ് അദ്ധ്യാപകർ വീട്ടിലെത്തിയത്. ഓൺലൈൻ ക്ളാസിൽ കയറണമെന്ന ഉപദേശം നൽകിയാണ് പ്രഥമാദ്ധ്യാപകൻ മൊബൈൽ ഫോൺ കൈമാറിയത്. സ്കൂളിലെ ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത എല്ലാ കുട്ടികൾക്കും മൊബൈൽ ഫോൺ നൽകുന്ന പ്രവർത്തനം തുടങ്ങിയതായും പലഹാരങ്ങളുമായി സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും വീടുകൾ സന്ദർശിക്കുമെന്നും അദ്ധ്യാപകർ പറഞ്ഞു
