വയനാട്; കോവിഡ് രോഗത്തെ വെല്ലുന്നതിനു ജനങ്ങളെ പ്രാപ്തരാക്കാന്‍ പലവിധ പ്രചാരണ രീതികളാണ് ആരോഗ്യമേഖലയില്‍ നടന്നുവരുന്നത്. ആരോഗ്യജാഗ്രത ക്യാമ്പയിനുകളാണ് ഇതില്‍ പ്രധാനം.
സംസ്ഥാന തലത്തില്‍ ബ്രേക്ക് ദ ചെയിന്‍,, തുപ്പല്ലേ തോറ്റുപോകും,,,ജീവന്റെ വിലയുള്ള ജാഗ്രത ,,ക്രഷ് ദ കര്‍വ് എന്നീ ടാഗ് ലൈനുകളോടുകൂടിയ ക്യാമ്പയിനുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. രോഗകാരികളായ വൈറസ് കണ്ണ്, മൂക്ക്, വായ വഴിയാണ് മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്. അതുകൊണ്ടുതന്നെ വൃത്തിയാക്കാത്ത കൈകള്‍കൊണ്ട് ഒരു കാരണവശാലും മുഖത്ത് തൊടരുത് എന്ന ആശയം പ്രചരിപ്പിക്കുന്ന ‘ഡോണ്ട് ടച്ച് ദി ഫേസ്’ ക്യാമ്പയിന് വയനാട് ബിസിസി വിഭാഗത്തിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചു.
ഇതിനുപിന്നാലെ ‘തോല്ക്കാന് മനസ്സില്ല’ എന്ന ടാഗ്ലൈനോടെ മറ്റൊരു കാമ്പയിന് തുടക്കമിട്ടിരിക്കുകയാണ് ഇവര്‍. ടാഗ് ലൈനിലെ വാക്കുകളില്‍നിന്ന് ആദ്യത്തെ രണ്ടക്ഷരങ്ങള്‍ ചേര്‍ത്ത് ‘തോമ’ എന്നൊരു ത്രീഡി ക്യാരക്ടറും വികസിപ്പിച്ചിട്ടുണ്ട്. ഇത്തരം ക്യാരക്ടറുകള്‍ക്ക് പൊതു ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിക്കുമെന്നതും ബിഹേവിയറല്‍ ചേഞ്ച് എന്ന ആശയം എളുപ്പത്തില്‍ പ്രാവര്‍ത്തികമാക്കാം എന്നതുമാണ് ‘തോമ’യുടെ പിറവിക്കു പിന്നിലെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി.അഭിലാഷ് പറഞ്ഞു. കോവിഡിനു പുറമേ ആരോഗ്യവകുപ്പ് നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാനുതകുന്ന ബോധവല്‍ക്കരണ സന്ദേശങ്ങള്‍ ഈ സൂപ്പര്‍ ഹീറോ ക്യാരക്ടര്‍ ഇനി ജനങ്ങളിലെത്തിക്കും. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ക്യാരക്ടര്‍ പ്രകാശനം ചെയ്തു. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഡി.എം.ഒ. ഡോ.ആര് രേണുക, ഡി.പി.എം. ഡോ. ബി അഭിലാഷ്, ഡി.എസ്.ഒ. ഡോ. സൗമ്യ, ഡോ. അംജിത് രാജീവന് തുടങ്ങിയവര്‍ പങ്കെടുത്തു
.