ന്യൂഡല്‍ഹി: ജോലി സമയത്തു നഴ്സുമാര്‍ മലയാളം സംസാരിക്കരുതെന്നും ഇംഗ്ളീഷിലോ ഹിന്ദിയിലോ ആണ് സംസാരിക്കേണ്ടതെന്നും വിവാദ ഉത്തരവിറക്കിയ ആശുപത്രി സൂപ്രണ്ട് മാപ്പ് പറഞ്ഞു. ഡല്‍ഹിയിലെ ജി.ബി പന്ത് ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടാണ് വിവാദ ഉത്തരവിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് മാപ്പ് പറഞ്ഞത്.ആരെയും വേദനിപ്പിക്കാനോ, അപമാനിക്കാനോ ഉദ്ദേശിച്ചുകൊണ്ടല്ല ഉത്തരവിറക്കിയതെന്നും മാപ്പ് പറയുന്നതായും നഴ്സിങ് സൂപ്രണ്ട് അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരും മറ്റ് ഭാഷകള്‍ സംസാരിക്കുന്നവരും അറിയിച്ച പരാതിയെ തുടര്‍ന്നാണ് ഈ ഉത്തരവിറക്കിയതെന്നും മാപ്പ് പറയുന്ന കത്തില്‍ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ജോലി സമയത്ത് നഴ്സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ടാണ് ഡല്‍ഹിയിലെ പ്രശസ്തമായ ജി.ബി.പന്ത് ആശുപത്രി സര്‍ക്കുലര്‍ പുറത്തിറക്കിയത്. സര്‍ക്കുലര്‍ വിവാദമായതോടെ ദേശീയതലത്തില്‍ തന്നെ പ്രതിഷേധമുണ്ടായി. ഇതിന് പിന്നാലെയാണ് സര്‍ക്കുലര്‍ റദ്ദാക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചത്. സംഭവത്തില്‍ കേരള സര്‍ക്കാര്‍ നേരിട്ട് ഡല്‍ഹി സര്‍ക്കാരിനെ പ്രതിഷേധം അറിയിച്ചിരുന്നു.
അടിയന്തരമായി സര്‍ക്കുലര്‍ പിന്‍വലിച്ച് വിശദീകരണം നല്കാന് ഡല്‍ഹി ആരോഗ്യമന്ത്രിയുടെ ഓഫീസ് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു. പിന്നാലെ സര്‍ക്കുലര്‍ പിന്‍വലിച്ചതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സര്‍ക്കുലറില്‍ ഒപ്പിട്ട ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതോടെയാണ് മാപ്പുപറഞ്ഞ് മെഡിക്കല്‍ സൂപ്രണ്ടിന് കത്തയച്ചത്.സര്‍ക്കുലറിനെതിരെ മലയാളി നഴ്സുമാര്‍ രംഗത്തെത്തിയിരുന്നു. മാതൃഭാഷയില്‍ പരസ്പരം സംസാരിക്കരുതെന്ന സര്‍ക്കുലര്‍ അംഗീകരിക്കാനാകില്ലെന്നും സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ മലയാളി നഴ്സുമാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും ചെയ്തു. ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്റര്‍ പ്രചാരണത്തിനും തുടക്കമിട്ടിരുന്നു.
ആശുപത്രിയിലെ മറ്റു സംസ്ഥാനങ്ങളിലെ നഴ്സുമാരും പ്രതിഷേധവുമായി രംഗത്തെത്തി. അതെ സമയം ആശുപത്രി അധികൃതരുടെ അനുവാദത്തോടെയല്ല ഉത്തരവെന്ന് ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
