തിരുവനന്തപുരം: സംസ്ഥാനത്തു കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും സൈബര്‍ ലോകത്ത് തിരഞ്ഞവരും, പ്രചരിപ്പിച്ചവരും പിടിയില്‍. പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 28 പേരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷന് പി ഹണ്ട് 21.1 എന്ന പേരില്‍ നടത്തിയ റെയ്ഡില്‍ 370 കേസുകളും റജിസ്റ്റര്‍ ചെയ്തു. ഇന്നലെ രാവിലെയാണ് റെയ്ഡ് നടന്നത്. കുട്ടികൾക്ക് എതിരെ ഉള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് റെയ്ഡ്
സംസ്ഥാനത്ത് 477 കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടത്തിയത്. മൊബൈല്‍ ഫോണ്‍, മോഡം, ഹാര്‍ഡ് ഡിസ്ക്, മെമ്മറി കാര്‍ഡ്, ലാപ്ടോപ്, കമ്ബ്യൂട്ടര്‍ എന്നിവ ഉള്‍പ്പെടെ 429 ഉപകരണങ്ങള്‍ റെയ്ഡില്‍ പിടിച്ചെടുത്തു. ഇവയില്‍ പലതിലും അഞ്ച് വയസ്സിനും 16 വയസ്സിനും ഇടയിലുള്ള തദ്ദേശീയരായ കുട്ടികളുടെ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്.
അറസ്റ്റിലായവരില്‍ പലരും ഐടി മേഖലയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ജോലി നോക്കുന്ന ചെറുപ്പക്കാരാണ്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് അവര്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിരുന്നത്. ഉപകരണങ്ങളില്‍ നിന്ന് ലഭിച്ച ചാറ്റുകള്‍ പരിശോധിച്ചതില്‍ നിന്ന് പലരും കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നു.
