തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടിയേക്കുമെന്ന് സൂചന. ജൂണ്‍ ഒമ്ബത് വരെ ലോക്ഡൗണ്‍ നീട്ടാന്‍ ഉന്നതതല യോഗത്തില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുക.
ലോക്ഡൗണ്‍ നീട്ടിയാലും ചില ഇളവുകള്‍ അനുവദിച്ചേക്കും. ചെറുകിട വ്യവസായങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുമെന്നാണ് വിവരം. കയര്‍, കശുവണ്ടി വ്യവസായങ്ങള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. 50 ശതമാനം ജീവനക്കാരോടെ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയേക്കുമെന്നും വാര്‍ത്തകളുണ്ട്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 22,318 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 16 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴ്ന്നതിന് ശേഷം മാത്രം ലോക്ഡൗണില്‍ ഇളവ് നല്കിയാല് മതിയെന്നാണ് ആരോഗ്യവകുപ്പിന്റെ ശിപാര്‍ശ. ഇതുകൂടി പരിഗണിച്ചാണ് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.