കെ എന്‍ ബാലഗോപാല്‍ ധനവകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ കെ എന്‍ ബാലഗോപാല്‍ മികച്ച സംഘാടകനും പാര്‍ലമെന്റേറിയനുമാണ്.സി പി ഐ എം കൊല്ലം ജില്ലാ സെക്രട്ടറിയായിരിക്കെ പരിസ്ഥിതി സംരക്ഷണ രംഗത്ത് നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു.
പത്തനാപുരം കലഞ്ഞൂര്‍ സ്വദേശിയായ കെ എന്‍ ബാലഗോപാല്‍ വിദ്യാര്‍ത്ഥിയായിരിക്കെ എസ്എഫ്ഐയിലൂടെ പൊതുരംഗത്ത് സജീവമായി. കോളേജിലെ മാഗസിന് എഡിറ്റര്‍ മുതല്‍ എസ്എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് വരെയുളള ചുമതലകള്‍ നിര്‍വ്വഹിച്ച ബാലഗോപാല്‍ പലതവണ പൊലീസിന്റേയും എതിരാളികളുടേയും ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.
ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്, സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി,വി എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി, സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ,കേരള കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി എന്നിങ്ങനെ വ്യത്യസ്തങ്ങളായ നിരവധി മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ ബാലഗോപാല്‍ നടത്തി.
രാജ്യസഭാംഗം എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ബാലഗോപാലിനെ ദേശീയതലത്തില്‍ ശ്രദ്ധേയനാക്കിയത്. ചരക്കുസേവന നികുതി ബില്‍ ,ലോക്പാല്‍ ബില്‍,യൂസര്‍ ഫീ എന്ന പേരിലുള്ള ചൂഷണം, ഫെഡറലിസം , തോട്ടം മേഖലയിലെ പ്രതിസന്ധി, തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ മുന്‍ നിര്‍ത്തി രാജഗോപാല്‍ രാജ്യ സഭയില്‍ നടത്തിയ പ്രസംഗങ്ങള്‍ സര്‍ക്കാരിന്റെ നയരൂപീകരണങ്ങളെ സ്വാധീനിച്ചു.
മികച്ച പാര്‍ലമെന്റേറിയനുളള സന്‍സദ് രത്ന പുരസ്കാരത്തിന് 2016ല്‍ ബാലഗോപാല്‍ അര്‍ഹനായി.വരള്‍ച്ചയെ നേരിടാനായി കൊല്ലം ജില്ലയില്‍ 3 ലക്ഷം മഴക്കുഴികള്‍ നിര്‍മ്മിച്ചതും മണ്റോതുരുത്തില് പ്രകൃതി ദത്ത വീടുകള്‍ നിര്‍മിച്ചതുമെല്ലാം പരിസ്ഥിതി സംരക്ഷണരംഗത്തെ പുത്തന്‍ അനുഭവങ്ങളായി.
നിയമസഭയിലേയ്ക്കുളള കന്നിയങ്കത്തില്‍ കൊട്ടാരക്കര മണ്ഡലത്തില്‍ നിന്ന് 10,914 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബാലഗോപാല്‍ വിജയിച്ചത് .വ്യത്യസ്ത മേഖലകളില്‍ വേറിട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച ബാലഗോപാല്‍ മന്ത്രിയാകുമ്ബോള് കേരളത്തിന്റെ പ്രതീക്ഷകള്‍ ഏറെയാണ്.