മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മാതൃകയായി കൊട്ടാരക്കര നഗരസഭ
കൊട്ടാരക്കര : കോവിഡ് കാലത്ത് സാന്ത്വനത്തിന്റെ തലോടലായി മാറുകയാണ് കൊട്ടാരക്കര നഗരസഭ. കൊട്ടാരക്കര നഗരസഭ പരിധിയിൽ കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്ന ഗർഭിണികൾക്കും, കുട്ടികൾക്കും പ്രായമായവർക്കും ഗൈനക്കോളജി, പീഡിയാട്രിക്, മറ്റ് വിഭാഗം ഡോക്ടർമാർ കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് വീടുകളിൽ നേരിട്ടത്തി ബോധവത്കരണവും വൈദ്യ സഹായവും നൽകി കൊട്ടാരക്കര നഗരസഭ മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മാത്യകയായി മാറുകയാണ്. കൊട്ടാരക്കര നഗരസഭ പരിധിക്കുള്ളിൽ 250 ഓളം കോവിഡ് പോസിറ്റീവ് കേസുകളാണ് ഉള്ളത്. അതിൽ 20 ഓളം രോഗികൾ കുട്ടികളാണ്. ഡോക്ടർമാർ ഇവരെ നേരിൽ പോയി കണ്ട് സാന്ത്വനം നൽകുകയാണ് പരിപാടി ലക്ഷ്യമിടുന്നത്. ശിശുരോഗ വിദഗദ്ധൻ ഡോ അനിൽ തര്യനോടൊപ്പം നഗര സഭ ചെയർമാൻ എ ഷാജുവും, വൈസ് ചെയർപേഴ്സൻ അനിത ഗോപകുമാറും പി. പി. ഇ കിറ്റ് ധരിച്ച് ഒപ്പം കൂടി. കോവിഡ് രോഗം ലക്ഷണമുള്ളവർക്ക് ടെസ്റ്റ് ചെയ്യന്നതിന് ലാബുകളിലും ആശുപത്രികളിലും പോകുന്നതിന് സൗജന്യ വാഹന സൗകര്യവും നഗരസഭ ഏർപ്പെടുത്തിയിട്ടുണ്ട്. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എസ്. ആർ രമേശ്, ഉണ്ണി കൃഷ്ണ മേനോൻ, വനജ രാജീവ്, വി. ഫിലിപ്പ് എന്നിവരും പങ്കെടുത്തു.
ചിത്രം : കൊട്ടാരക്കര നഗരസഭയുടെ നേതൃത്വത്തിൽ കോവിഡ് പോസിറ്റീവ് ആയവരുടെ വീടുകളിൽ ഡോക്ടർമാർ നേരിട്ടത്തി പരിശോധന നടത്തുന്നു