തിരുവനന്തപുരം:മുഖ്യ മന്ത്രിക്ക് ഡോക്ടര്‍മാരുടെ കത്ത്. സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം വരവോടെ ആരോഗ്യ മേഖല കൂടുതല്‍ വെല്ലുവിളി നേരിടേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെ മറികടക്കാനെന്നവണ്ണമാണ് ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. മാനവ വിഭവ ശേഷിയുടെ ഗണ്യമായ കുറവ് വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നാണ് കെജിഎംഒഎ മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ പറയുന്നത്.കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കണമെന്നും ഓണ്‍ലൈന്‍ ചികിത്സയ്ക്ക് അടക്കം വിരമിച്ച ഡോക്ടര്‍മാര്‍ ഉള്‍പെടെയുള്ളവരുടെ സേവനം ഉപയോഗപ്പെടുത്തണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ആരോഗ്യപ്രവര്‍ത്തകരെ നിയമിച്ചില്ലെങ്കില്‍ ഗുരുതര സാഹചര്യം ഉണ്ടായേക്കുമെന്നും പി ജി പഠനത്തിന് പോയ ഡോക്ടര്‍മാരില്‍ കോഴ്സ് കഴിഞ്ഞവരെ തിരികെ എത്തിക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു. കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ തുടങ്ങുന്നതിനെക്കാള്‍ ഉചിതം നിലവില്‍ ഉള്ള കേന്ദ്രങ്ങളില്‍ കിടക്കകളുടെ എണ്ണം കൂട്ടുന്നതാണെന്നും കത്തില്‍ പറയുന്നു. ഡൊമിസിലറി, സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ ഡോക്ടര്‍മാര്‍ നേരിട്ടുള്ള ചികിത്സ ഒഴിവാക്കി ഓണ്‍ലൈന്‍ ആക്കണമെന്നും രോഗികളെ കൊണ്ടുപോകന്‍ ആംബുലന്‍സുകള്‍ക്കൊപ്പം ടാക്സികളും സജ്ജമാക്കണമെന്നുമാണ് കത്തിലെ ഉള്ളടക്കം.
