തിരുവനന്തപുരം : രാജ്യത്ത് പെട്രോള്‍- ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് ഇന്ന് സംസ്ഥാനത്ത് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 93.51 രൂപയും ഡീസലിന് 88.25 രൂപയുമാണ് ഇന്ന്. കൊച്ചിയില്‍ പെട്രോളിന് 91.73 രൂപയും ഡീസലിന് 86.48 രൂപയുമാണ് ഇന്നത്തെ വില.
കേരളം ഉൾപ്പെടെ നാലു സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന ഘട്ടത്തില്‍ രാജ്യത്ത് ഇന്ധന വിലയില്‍ ദിനംപ്രതിയുള്ള വര്‍ധനവ് എണ്ണ കമ്പനികൾ നിർത്തിവെച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധന വില അടിക്കടി ഉയരുകയാണ്.
ശനി, ഞായർ ദിവസങ്ങളിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തുടർച്ചയായ നാലു ദിവസം ഇന്ധനവില വർധിച്ചിരുന്നു. മെയ് മൂന്നിന് ഒരു ലിറ്റർ പെട്രോളിന് വില 92.28 രൂപയായിരുന്നു. പിന്നീടുള്ള 4 ദിവസം പെട്രോൾ വിലയിൽ വർധനവ് ഉണ്ടായി. മെയ് നാലിന് 29 പൈസയും അഞ്ചിന് 17 പൈസയും ആറിന് 23 പൈസയും ഏഴിന് 28 പൈസയുമാണ് വർധിച്ചത്. മെയ് മൂന്നിന് ഒരു ലിറ്റർ ഡീസലിന് 86.75 രൂപയായിരുന്നു വില. തുടർന്നുള്ള നാലു ദിവസം വില വർധിച്ചു. മെയ് 4ന് 32 പൈസയും അഞ്ചിന് 20 പൈസയും ആറിന് 30 പൈസയും ഏഴിന് 33 പൈസയുമാണ് ഡീസൽ വിലയിൽ വർധിച്ചത്.