കൊച്ചി: ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും അതത് പ്രദേശത്ത് കുറഞ്ഞത് ഒരുഡൊമിസിലിയറി കെയര്‍ സെന്റര്‍ സ്ഥാപിക്കാന്‍ കലക്ടറുടെ നിര്‍ദേശം. ദുരന്തനിവാരണ അതോറിറ്റിയുടെ കോവിഡ് അവലോകന യോഗത്തിലാണ് നിര്‍ദേശം. ജില്ലയിലെ മിക്ക തദ്ദേശ സ്ഥാപനങ്ങളും ഇതിനകം ഡി.സി.സികളും എഫ്.എല്‍.ടി.സികളും ആരംഭിച്ചിട്ടുണ്ട്. ഇനിയും ആരംഭിച്ചിട്ടില്ലാത്തവര്‍ മൂന്ന് ദിവസത്തിനകം കോവിഡ് ചികിത്സ സൗകര്യം സജ്ജമാക്കണം. ബി.പി.സി.എലിെന്റ നേതൃത്വത്തില്‍ റിഫൈനറി സ്കൂളില്‍ തയാറാക്കുന്ന 500 ഓക്സിജന്‍ ബെഡുകള്ക്കുപുറെമ 1000 ഓക്സിജന്‍ ബെഡുകള്‍കൂടി സജ്ജമാക്കും. അഡ്ലക്സില്‍ 500 ബെഡുകളും ക്രമീകരിക്കുന്നുണ്ട്. ഇവിടങ്ങളിലേക്ക് 2000 നഴ്സുമാരെയും 200 ഡോക്ടര്‍മാരെയും നിയമിക്കാനുള്ള നടപടികള്‍ തിങ്കളാഴ്ച ആരംഭിക്കും. വിദേശരാജ്യങ്ങളില്‍ പഠിച്ച് നാട്ടിലുള്ളവര്‍, ഇേന്റണ്സ്, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ എന്നിവരുടെ സേവനവും ആവശ്യമെങ്കില്‍ പ്രയോജനപ്പെടുത്തും. ആയുഷ് ഡോക്ടര്‍മാരെകൂടി ഉള്‍പ്പെടുത്താന്‍ നടപടിയുണ്ടാകും.
കൂനമ്മാവിലെ മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസികളുടെ കേന്ദ്രം എഫ്.എല്‍.ടി.സിയാക്കും. വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്ത്, ചെങ്ങമനാട്, പുത്തന്‍വേലിക്കര, ചേന്ദമംഗലം പഞ്ചായത്തുകള്‍ ആരംഭിക്കുന്ന സി.എഫ്.എല്‍.ടി.സികള്‍ക്ക് യോഗം അനുമതി നല്കി. അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യാന്‍ നടപടി ആരംഭിച്ചു. ഇവര്‍ക്ക് എഫ്.എല്‍.ടി.സി ആരംഭിക്കാന്‍ കെട്ടിടം കണ്ടെത്തി.തൊഴിലുടമകളും ഒരു കെട്ടിടം നല്‍കും. കൊച്ചി കോര്‍പറേഷനില്‍ എട്ട് മൊബൈല്‍ ആംബുലന്‍സ് ക്ലിനിക്കുകള്‍ ആരംഭിക്കും. രണ്ടെണ്ണം പ്രവര്‍ത്തനമാരംഭിച്ചു. അടുത്ത ആംബുലന്‍സ് തിങ്കളാഴ്ച പ്രവര്‍ത്തനമാരംഭിക്കും. കൊച്ചി സാമുദ്രികയില്‍ 100 ഓക്സിജന്‍ ബെഡ് ക്രമീകരിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.
ജയിലുകളില്‍ രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ പ്രത്യേക ബ്ലോക്കുകള്‍ എഫ്.എല്‍.ടി.സികളാക്കും. ഇതുവഴി ജയില്‍ വളപ്പില്‍തന്നെ കോവിഡ് ബാധിതരെ ചികിത്സിക്കാനാകും.
പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിവരുകയാണ്. താലൂക്ക് ആശുപത്രികളില്‍നിന്ന് രോഗം കുറവാകുന്ന രോഗികളെ ഡി.സി.സികളിലേക്ക് മാറ്റാനുള്ള നടപടികളും പുരോഗമിക്കുന്നു. ഇതിന് ഫോര്‍ട്ട്കൊച്ചി പണ്ഡിറ്റ് കറുപ്പന് ഹാള്‍, തൃപ്പൂണിത്തുറ ഒ.ഇ.എന്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ സജ്ജമാണ്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പനി ക്ലിനിക്കുകള്‍ കോവിഡ് ആശുപത്രിയായി മാറ്റാനും നടപടി ആരംഭിച്ചു.
