കൊച്ചി: മാസ്ക് ധരിക്കാത്തതിനു പൊലീസ് മർദ്ദിച്ചെന്ന പരാതിയില്‍ അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. മാസ്ക് ധരിക്കാത്തതിന് പൊലീസ് ഉപദ്രവിച്ചെന്ന പരാതിയുമായി കോഴിക്കോട് സ്വദേശി ടി.കെ.വൈശാഖാണ് കോടതിയെ സമീപിച്ചത്. എറണാകുളം മുനമ്പം പൊലീസിനെതിരെയായിരുന്നു പരാതി. ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്.
മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം വേണ്ടെന്നും നിയമപ്രകാരം നടപടിയെടുത്താല്‍ മതിയെന്നും ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി അഭിപ്രായപ്പെട്ടിരുന്നു. പൊതുസ്ഥലത്ത് അല്പനേരം മാസ്ക് മാറ്റിയതിന്റെ പേരില്‍ പൊലീസ് അസഭ്യം പറഞ്ഞെന്നും സ്റ്റേഷനില്‍ കൊണ്ടുപോയി ഉപദ്രവിച്ചെന്നുമാണു റിസോര്‍ട്ട് ജീവനക്കാരനായ വൈശാഖിന്റെ പരാതി.